ആയൂർവേദത്തിന് സർക്കാർ നൽകുന്നത് വലിയ പ്രാധാന്യം : മന്ത്രി വീണാ ജോർജ്
*ബുധനൂർ ഗ്രാമപഞ്ചായത്തിലെ എണ്ണയ്ക്കാട് ഗവ. ആയുർവേദ ഡിസ്പെൻസറി ഉദ്ഘാടനം ചെയ്തു
ഹോമിയോയ്ക്കും ആയുർവേദത്തിനും വലിയ പ്രാധാന്യം നൽകിയാണ് സർക്കാർ മുന്നോട്ട് പോകുന്നതന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നവീകരണം പൂർത്തിയാക്കിയ ബുധനൂർ ഗ്രാമപഞ്ചായത്തിലെ എണ്ണയ്ക്കാട് ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
എൻ എ ബി എച്ച് അംഗീകാരം നേടാൻ കഴിയുന്ന തരത്തിലുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് എണ്ണയ്ക്കാട് ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. സംസ്ഥാനത്ത് ആദ്യമായി രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രം ഓഗസ്റ്റിൽ നിർമ്മാണം പൂർത്തിയാകും. 100 കോടി രൂപ ചെലവിൽ എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ചെങ്ങന്നൂർ ജില്ലാ ആശുപത്രി ഏതാനും മാസങ്ങൾക്കുള്ളിൽ നാടിന് സമർപ്പിക്കും. അതോടൊപ്പം എല്ലാ പഞ്ചായത്തിലും എംഎൽഎ ഫണ്ട് ഉപയോഗിച്ച് ആരോഗ്യ കേന്ദ്രങ്ങൾ നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.
എണ്ണയ്ക്കാട് ഗവ. ആയുർവേദ ഡിസ്പെൻസറി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ബുധനൂർ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും വികസനം ഉറപ്പാക്കാനായെന്നും മന്ത്രി പറഞ്ഞു.
എണ്ണയ്ക്കാട് ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി മന്ത്രി സജി ചെറിയാന്റെ നിർദ്ദേശപ്രകാരം ദേശീയ ആയുഷ് മിഷനിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. എൻ എ ബി എച്ച് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഡിസ്പെൻസറി സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി 500 ചതുരശ്ര അടി മുറി അധികം നിർമ്മിച്ചു. രോഗീ സൗഹൃദ കാത്തിരിപ്പ് കേന്ദ്രം, ഫീഡിങ് മുറി, രജിസ്ട്രേഷൻ കൗണ്ടർ, സ്റ്റോർ മുറി, കിച്ചൻ, ട്രീറ്റ്മെന്റ് മുറി, ഭിന്നശേഷി സൗഹൃദ റാമ്പുകൾ തുടങ്ങിയ സൗകര്യങ്ങളാണ് ഡിസ്പെൻസറിയിൽ ഒരുക്കിയിട്ടുള്ളത്.
ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം പി, ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ പുഷ്പലത മധു, വൈസ് പ്രസിഡന്റ് ജി രാമകൃഷ്ണൻ, ഭാരതീയ ചികിത്സാ വകുപ്പ് ഡിഎംഒ റ്റി അമ്പിളികുമാരി, പഞ്ചായത്ത് അംഗങ്ങളായ കെ ആർ മോഹനൻ, സുജാത മുരളി, കെ കെ രാജേഷ്, റ്റി സുജാത, ജി മോഹനൻ, പത്തനംതിട്ട ഡിപിഎം ഡോ. അഖില, മെഡിക്കൽ ഓഫീസർ ഡോ. ഗോപിക, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments