Skip to main content

കരിവീരന്മാരെ മെരുക്കുന്ന തന്ത്രങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്

മൃഗസംരക്ഷണ വകുപ്പിന്റെ  പവലിയനിൽ എത്തുന്നവരെ കാത്തിരിക്കുന്നത് ഒത്തിരി കൗതുകങ്ങളാണ്.

സ്റ്റാളില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് മദം പൊട്ടുന്ന ആനകളെ മയക്കുവെടി വെയ്ക്കുന്നതെങ്ങനെയെന്നും തോക്കും മയക്കുമരുന്നുകളും ഏതൊക്കെയെന്നും വിശദമായി അറിയാനാകും.

കരിവീരന്മാരെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന തോട്ടികള്‍ കൊളുത്തുകള്‍, വടിക്കോല്‍ എന്നിങ്ങനെയുള്ള എല്ലാ ഉപകരണങ്ങളും അണിനിരത്തിയാണ്  മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാള്‍ ആരംഭിച്ചിരിക്കുന്നത്. നെറ്റിപ്പട്ടം, വെഞ്ചാമരം, ആലവട്ടം തുടങ്ങിയ ആനച്ചമയങ്ങളുടെയും ആടയാഭരണങ്ങളുടെയും പ്രദര്‍ശനവും ഇവിടെ ഒരുകിയിട്ടുണ്ട്.

മുട്ട പ്രദര്‍ശനമാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. ഒട്ടക പക്ഷിയുടെ മുട്ട, മഗ്ഗര്‍ മുതലയുടെ മുട്ട തുടങ്ങി വിവിധയിനം മുട്ടകളാണ് പ്രദര്‍ശനത്തിനുള്ളത്.

പേവിഷബാധയെ കുറിച്ച് അറിയേണ്ടതെല്ലാം വിശദീകരിക്കുന്ന കേരള ലൈവ് സ്റ്റോക്ക് ബോര്‍ഡിന്റെ പോസ്റ്റര്‍ പ്രദര്‍ശനവും കേരള ഫീഡ്‌സിന്റെ വിവിധയിനം കാലിതീറ്റകളുടെ പ്രദര്‍ശനവും വിപണനവും പവലിയനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സൂക്ഷ്മ ദര്‍ശിനിയിലൂടെ വിത്തുകാളയുടെ ബീജ ചലനങ്ങള്‍ നിരീക്ഷിക്കാനുള്ള അവസരവും സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാന പോള്‍ട്ടറി വികസന കോര്‍പ്പറേഷന്റെ 100 മുട്ടകള്‍ വിരിയിക്കാന്‍ കഴിയുന്ന ഇന്‍ക്യൂബേറ്റര്‍, വിവിധ ഫാമുകളുടെയും ട്രെയിനിംഗ് സെന്ററുകളുടെയും വിവരങ്ങളും ബന്ധപ്പെടേണ്ട നമ്പറും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

വിദേശ മൃഗങ്ങളുടെയും പക്ഷികളുടെയും പ്രദര്‍ശനവും തീറ്റ പുല്ലുകളുടെ പ്രദര്‍ശനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 21 ന് രാവിലെ 10ന്  മൃഗ സംരക്ഷണ വകുപ്പ് പവലിയന്‍ സന്ദര്‍ശിക്കാന്‍ കരിവീരന്‍മാരുമെത്തുന്നുണ്ടെന്നും വകുപ്പ് അറിയിച്ചു.

date