റോബോട്ടിക്‌സ് മികവിൽ പൊതുവിദ്യാലയങ്ങൾ, കൗതുകമുണർത്തി കുട്ടി ശാസ്ത്രജ്ഞർ
മേളയിൽ കൗതുകമുണർത്തി പൊതുവിദ്യാലയങ്ങളിലെ കുട്ടി ശാസ്ത്രജ്ഞർ. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളാണ് തങ്ങളുടെ നൂതന ആശയങ്ങളുമായി മേളയിൽ എത്തിയിട്ടുള്ളത്. റോബോട്ടിക്‌സും വെർച്വൽ റിയാലിറ്റിയും ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യയിലുള്ള തങ്ങളുടെ കഴിവ് പ്രദർശിപ്പിക്കുകയാണ് ഈ കൊച്ചു മിടുക്കർ.
വാഹനങ്ങളിൽ ഘടിപ്പിക്കാവുന്ന ആൽക്കഹോൾ സെൻസർ, ഓട്ടോമാറ്റിക് ഡിഫൻസ് സിസ്റ്റം, ഹാൻഡ് സെൻസിങ് റോബോട്ട് എന്നിങ്ങനെ കാഴ്ച്ചക്കാരിൽ ആകാംക്ഷ ഉണർത്തുന്ന കണ്ടുപിടിത്തങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ പവലിയനിൽ ഒരുക്കിയിരിക്കുന്നത്.
ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെങ്കിൽ വാഹനം തനിയെ ഓഫ് ആകുന്ന ആൽക്കഹോൾ സെൻസർ സിസ്റ്റം നിരത്തുകളിൽ മദ്യപാനം മൂലമുള്ള അപകടങ്ങൾ കുറയ്ക്കാൻ സഹായകമാണ്. മുന്നിൽ നിൽക്കുന്ന ആളിനെ ക്യാമറാകണ്ണിലൂടെ തിരിച്ചറിഞ്ഞ് അവരുടെ ചലനത്തിനനുസരിച്ച് അഭിവാദ്യം ചെയ്യുന്ന ഹാൻഡ് സെൻസിംഗ് റോബോട്ട് മേളയിൽ എത്തുന്നവർക്ക് കൗതുകമായി. അടുത്തെത്തുന്ന അപകടം തിരിച്ചറിഞ്ഞ് അതിനെ ചെറുക്കുന്നതാണ് ഓട്ടോമാറ്റിക് ഡിഫൻസ് സിസ്റ്റത്തിൻ്റെ പ്രവർത്തന രീതി. മോഷൻ സെൻസർ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇവയുടെ പ്രവർത്തനം.
റോബോട്ടിക്സും ത്രീഡി പ്രിൻ്റിംഗും ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ കുട്ടികളെ പരിചയപ്പെടുത്തുന്ന ടിങ്കറിംഗ് ലാബും പവലിയനിൽ ഒരുക്കിയിട്ടുണ്ട്. പ്രീപ്രൈമറി തലത്തിലുള്ള കുട്ടികൾക്കും ഭിന്നശേഷി കുട്ടികൾക്കും ഇന്ദ്രീയ വികാസത്തിനും പരിശീലനത്തിനും സഹായകമായ സെൻസറി ഗാർഡനാണ് കാഴ്ചക്കാരെ പവലിയനിലേക്ക് ആനയിക്കുന്നത്.
ആറ് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കായി കളിക്കളവും തയാറാക്കിയിട്ടുണ്ട്. കൂടാതെ കരിയർ ഗൈഡൻസ് കൗൺസിലിങ്ങും നാഷണൽ സർവീസ് സ്കീമിൻ്റെ സൗജന്യ രക്ത പരിശോധനയും ഒരുക്കിയിട്ടുണ്ട്.
- Log in to post comments