താരമായി അട്ടപ്പാടിയിലെ വന സുന്ദരി
#മായമില്ലാത്ത നാടൻ ഭക്ഷണവുമായി കുടുംബശ്രീ#
കനകക്കുന്നിൽ രുചിപ്പെരുമ വിളമ്പി കുടുംബശ്രീ. കഫേ കുടുംബശ്രീയുടെ ഫ്രഷ് ജ്യൂസുകൾ, പച്ച മാങ്ങ ജ്യൂസ്, നെല്ലിക്കാ ജ്യൂസ് തുടങ്ങി അട്ടപ്പാടി വനസുന്ദരി ചിക്കൻ വരെ കുടുംബശ്രീയുടെ ഫുഡ് സ്റ്റാളിൽ ലഭ്യമാണ്.
മേളയുടെ രണ്ടാം ദിവസമായ ഇന്നലെ വിവിധ വിഭവങ്ങളുടെ പേരിലെ കൗതുകം രുചിച്ച് നോക്കാനായി നിരവധി ആളുകളാണ് എത്തിയത്. അതിൽ വനസുന്ദരി ചിക്കൻ കഴിക്കാനും ഊരു കാപ്പി കുടിക്കാനും ഭക്ഷണ പ്രേമികൾ എത്തുന്നുണ്ട്. വനസുന്ദരിക്കൊപ്പം മൂന്ന് ദോശ, ചട്നി, സാലഡ് എന്നിങ്ങനെയാണ് കോമ്പോ ഒരുക്കിയിരിക്കുന്നത്.
ഉച്ചയ്ക്ക് ഫുഡ് കോർട്ടിൽ എത്തുന്നവർക്ക് ഏറെ പ്രിയം കപ്പയും മീൻ വിഭവങ്ങളും കഴിക്കാനാണ്. ഒപ്പം മലബാർ ദം ബിരിയാണി, ഇറച്ചി പത്തിരി, ചിക്കൻ ഓലമടക്ക്, പുട്ട്- മീൻകറി,ചപ്പാത്തി-ചിക്കൻ പെരട്ട് തുടങ്ങിയ വിഭവങ്ങൾക്കും ആവശ്യക്കാരുണ്ട്.
വയനാടൻ നെയ് ചോറ് ചിക്കൻ കറി, മുട്ട മസാല, ചിക്കൻ ചുക്ക, കോഴിക്കോട് വിഭവങ്ങളായ മലബാർ ദം ബിരിയാണി, പഴം നിറച്ചത്, ചിക്കൻ ഓലമടക്ക്, ചിക്കൻ മമ്മൂസ്, ചിക്കൻ പൊട്ടി തെറിച്ചത് തുടങ്ങിയവയും കുടുംബശ്രീയുടെ ഫുഡ് സ്റ്റാളിൽ ലഭ്യമാണ്.
വ്യത്യസ്തമായ രുചികളിൽ വിവിധ പലഹാരങ്ങൾ മുതൽ പായസം വരെ ഫുഡ് സ്റ്റാളിൽ ലഭ്യമാണ്.
കുറഞ്ഞ നിരക്കിൽ രുചികരമായ ഭക്ഷണം നൽകുന്ന ജയിൽ വകുപ്പിന്റെ സ്റ്റാളിലും തിരക്കുണ്ട്. കുടുംബശ്രീ കൂടാതെ വനം വന്യജീവി വകുപ്പിന്റെ നെയ്യാർ പേപ്പാറ എഫ്.ഡി.എ യുടെ കോട്ടൂർ സ്‌പെഷ്യൽ തനി നാടൻ ചിക്കൻ, കാന്താരി ചിക്കൻ, ഒടംങ്കൊല്ലി ചിക്കൻ, അഗസ്ത്യ മുളംകുറ്റി പുട്ട്, തുടങ്ങിയ വിഭവങ്ങൾ രുചിയ്ക്കാനും ഭക്ഷണ പ്രേമികൾ എത്തുന്നുണ്ട്.
ഇടുക്കിയുടെ തനത് വിഭവക്കൂട്ട്, ശ്രീജിത്തിന്റെ കട പൊറോട്ടയും ബീഫും, കുട്ടനാടൻ വിഭവങ്ങൾ, രാമശ്ശേരി ഇഡ്ലി തുടങ്ങിയ ഫുഡ് സ്റ്റാളുകളും ഫുഡ് കോർട്ടിനെ ശ്രദ്ധേയമാക്കുന്നു.
- Log in to post comments