ചെറുവണ്ണൂർ മേൽപ്പാലം നിർമാണത്തിന് തുടക്കം
മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു
2026ൽ പുതുവർഷ സമ്മാനമായി പാലം നാടിന് സമർപ്പിക്കും
ഏറെക്കാലമായി തുടരുന്ന ഗതാഗതക്കുരുക്കഴിക്കാൻ ചെറുവണ്ണൂരിൽ മേൽപാലം നിർമ്മാണത്തിന് തുടക്കമായി. പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
വികസനത്തിനെതിരെ നിലകൊണ്ട തൽപര കക്ഷികളെ ഒറ്റപ്പെടുത്തി നാടാകെ ഒറ്റക്കെട്ടായി നിലകൊള്ളുന്ന സ്ഥിതിയാണ് ചെറുവണ്ണൂർ പാലത്തിന്റെ കാര്യത്തിൽ ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. മീഞ്ചന്ത അരീക്കാട് മേൽപാലവും ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്കും തുടർപ്രവൃത്തികളിലേക്കും പ്രവേശിക്കുകയാണ്. അതുകൂടി യാഥാർത്ഥ്യമാകുന്നതോടെ കോഴിക്കോട് നഗരത്തിലേക്കുള്ള ഗതാഗതം സുഗമമാകും.
പാലം, റോഡ് നിർമ്മാണ പ്രവൃത്തികളുടെ സമയബന്ധിതമായ പൂർത്തീകരണത്തിന് 140 നിയോജക മണ്ഡലങ്ങളിലേക്കും നിയമസഭ മണ്ഡലംതല മോണിറ്ററിങ് കമ്മിറ്റികളും പ്രത്യേക നോഡൽ ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. മാസംതോറും പുരോഗതി വിലയിരുത്തി അഞ്ച് വർഷംകൊണ്ട് 100 പാലങ്ങൾ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്ത് ഇതിനകം 140 പാലങ്ങൾ പൂർത്തിയാക്കാനായി എന്നത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ 16 പാലങ്ങൾ പുതുതായി നിർമ്മിക്കുകയും 6 പാലങ്ങൾ നവീകരിക്കുകയും 17 പാളങ്ങളുടെ നിർമാണം ആരംഭിക്കുകയും ചെയ്തു. പാലത്തിന് താഴെയുള്ള ഇടങ്ങൾ ജനോപകാര കേന്ദ്രമാക്കി മാറ്റുന്നതിനും പ്രത്യേക ശ്രദ്ധ ചെലുത്തി. ദീർഘകാലം മുന്നിൽകണ്ട് നൂതന സാങ്കേതിക വിന്യാസത്തോടെയാണ് സർക്കാർ വികസന പ്രവൃത്തികളെ സമീപിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ 89 കോടി രൂപ ചെലവിൽ സിറ്റി റോഡ് ഇംപ്രൂവ്മെൻ്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചെറുവണ്ണൂർ മേൽപാലം നിർമാണം. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന 700 മീറ്റർ നീളവും 16 മീറ്റർ വീതിയുമുള്ള നാലുവരി മേൽപ്പാലത്തിൻ്റെ ഇരുഭാഗത്തും 5.5 മീറ്റർ വീതിയിൽ സർവ്വീസ് റോഡുകളുണ്ടാകും. മേൽപ്പാലത്തിന് താഴെ കളിക്കളങ്ങളും ഉദ്യാനവുമായി പൊതു ഇടമൊരുക്കാനും പദ്ധതിയുണ്ട്. സ്ഥലമടുപ്പിന് മാത്രമായി 30 കോടി രൂപയാണ് ചെലവിട്ടത്. പൊതുമരാമത്ത് വകുപ്പിന് കീഴിലെ കേരള റോഡ് ഫണ്ട് ബോർഡാണ് (കെആർഎഫ്ബി) പ്രവൃത്തിയുടെ മേൽനോട്ടം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി കരാറെടുത്തിരിക്കുന്നത്. 2026ൽ പുതുവർഷ സമ്മാനമായി പാലം നാടിന് സമർപ്പിക്കും.
ചടങ്ങിൽ കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പിസി രാജൻ അധ്യക്ഷത വഹിച്ചു. ഫറോക്ക് നഗരസഭ ചെയർമാൻ എൻസി അബ്ദുൽ റസാഖ്, രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ വിഎം പുഷ്പ, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, കോർപ്പറേഷൻ ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൃഷ്ണകുമാരി, കൗൺസിലർമാരായ ഷീബ, ഷഹർബാനു, യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി, എം ഗിരീഷ്, ടി രാധാഗോപി, രാജീവൻ തിരുവാച്ചിറ, എം കുഞ്ഞാമുട്ടി, സാബുലാൽ, ബാബുരാജ് നരിക്കുനി, എപി വിനോദ്കുമാർ, എംഎം മുസ്തഫ, സുൽഫിക്കർ കളത്തിങ്ങൽ, ബഷീർ പാണ്ടികശാല, ബാസിത് ചേലക്കോട്ട്, എപി അരുൺ, കെ ബീരാൻകുട്ടി, ബാലഗംഗാധരൻ, വിനോദ്കുമാർ പറന്നാട്ടിൽ എന്നിവർ സംബന്ധിച്ചു. പിബി ബൈജു റിപ്പോർട്ട് അവതരിപ്പിച്ചു. ഇ ജി വിശ്വപ്രകാശ് സ്വാഗതവും ജെ ഷാനു നന്ദിയും പറഞ്ഞു.
ഉദ്ഘാടനത്തിന് മുന്നോടിയായി വൈകിട്ട് കരുണ കേരള ബാങ്ക് ഭാഗത്തു നിന്നാരംഭിച്ച ഘോഷയാത്രയിൽ നാട്ടുകാരും ജനപ്രതിനിധികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
- Log in to post comments