മേളയിൽ സൗജന്യ ചികിത്സയും രക്തപരിശോധനയും
എന്റെ കേരളം പ്രദർശന വിപണന മേളയിലെ ഭാരതീയ ചികിത്സാ വകുപ്പിന്റെ ജീവിത ശൈലി ക്ലിനിക്കും ആയുഷ് മിഷന്റെ ഹോമിയോ ക്ലിനിക്കും പ്രവർത്തന മികവിൽ വ്യത്യസ്തമാകുന്നു. സന്ദർശകർക്കായി സൗജന്യ പരിശോധനയും രോഗികളുടെ സംശയനിവാരണവും സ്റ്റാളുകളിൽ ലഭ്യമാണ്.
ഭാരതീയ ചികിത്സാ വകുപ്പിന്റെ ആയുർവേദ സ്റ്റാളിൽ ജീവിതശൈലി രോഗങ്ങളായ രക്തസമ്മർദ്ദം, പ്രമേഹം, എന്നിവ പരിശോധിക്കാനും ഡോക്ടറുടെ സേവനം സൗജന്യമായി ലഭിക്കാനുള്ള സൗകര്യവും മേളയിൽ ഒരുക്കിയിട്ടുണ്ട്.
രാവിലെ 10 മുതൽ രാത്രി 9 വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്. ജനങ്ങളുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ഈ സ്റ്റാളുകൾക്ക് ലഭിക്കുന്നത്.
മാനസികരോഗ്യ വിഭാഗം, കുട്ടികളുടെ ചികിത്സാ വിഭാഗം, നേത്രരോഗ, ശിരോ രോഗ ചികിത്സ, മർമ്മ സന്ധി രോഗ ചികിത്സ, നാഡി പരിരക്ഷ വിഭാഗം, കായ ചികിത്സ, സിദ്ധ ചികിത്സാ വിഭാഗം തുടങ്ങിയവയുടെ സേവനം സ്‌പെഷ്യാലിറ്റി ക്ലിനിക്കിൽ ലഭ്യമാകും.
വിപുലമായ ആയുർവേദ കോസ്മെറ്റോളജി ഒ പിയാണ് സ്റ്റാളിലെ മുഖ്യ ആകർഷണം. ഡോക്ടറുടെ സാന്നിധ്യത്തിൽ ആയുർവേദ കോസ്മെറ്റോളജി ചികിത്സയും മരുന്നുകളും ക്ലിനിക്കിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. മേളയിൽ എത്തുന്നവർക്ക് സൗജന്യമായി നൽകുന്ന ആയുർവേദ ഫേഷ്യലും സ്റ്റാളിന്റെ മുഖ്യ ആകർഷണമാണ്. സമ്പൂർണ ആരോഗ്യം മുഖ്യ വിഷയമാക്കി ഒരു ഫോട്ടോ കോർണറും സ്റ്റാളിലുണ്ട്.
ആയുഷ് ഹോമിയോപ്പതിയുടെ വിവിധ ഹോമിയോ ആശുപത്രികളെ കുറിച്ച് സന്ദർശകർക്ക് അവബോധം നൽകുന്ന പോസ്റ്ററുകളും വിവരങ്ങളും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
ഹോമിയോ ആശുപത്രികളില്‍ ജനനി, പുനർജ്ജനി, സീതാലയം, സദ്ഗമയ തുടങ്ങി ഹോമിയോപ്പതിയിലെ വിവിധ വിഭാഗങ്ങളില്‍ ലഭ്യമാകുന്ന ചികിത്സാ പദ്ധതികളുടെ വിവരങ്ങള്‍ അടങ്ങിയ പോസ്റ്ററുകളും ലഘുലേഖകളും പ്രദർശിപ്പിച്ചിട്ടുണ്ട്.
ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി സന്ദർശകർക്കായി പ്രത്യേക സെൽഫി കോർണറും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
- Log in to post comments