Skip to main content

പട്ടണക്കാട്, തൈക്കാട്ടുശ്ശേരി ബ്ലോക്കുകളിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തനം തുടങ്ങി

 

*മന്ത്രി പി പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു

 

പട്ടണക്കാട്, തൈക്കാട്ടുശ്ശേരി ബ്ലോക്കുകൾക്ക് മൃഗസംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ അനുവദിച്ച മൊബൈൽ വെറ്ററിനറി യൂണിറ്റ് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് മേരി ടെൽഷ്യ അധ്യക്ഷയായി.

 

മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്ക് ബ്ലോക്ക് അടിസ്ഥാനത്തിൽ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ നൽകുന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. യൂണിറ്റുകൾക്ക് പുറമേ ജില്ലാ അടിസ്ഥാനത്തിൽ എം എസ് യു (മൊബൈൽ സർജിക്കൽ യൂണിറ്റ്) കൂടി ഇതോടൊപ്പം പ്രവർത്തിക്കുന്നുണ്ട്.

 

വൈകുന്നേരം ആറു മണി മുതൽ രാവിലെ ആറുമണി വരെയാണ് മൊബൈൽ യൂണിറ്റിൻ്റെ പ്രവർത്തനം. ഇതിൽ ഒരു വെറ്ററിനറി ഡോക്ടർ, ഒരു അറ്റൻഡൻ്റ് കം ഡ്രൈവർ എന്നിവരുണ്ടാകും. നിശ്ചിത നിരക്കിൻ്റ അടിസ്ഥാനത്തിലാണ് കർഷകർക്ക് സേവനം നൽകുന്നത്. കന്നുകാലികൾക്ക് 450 രൂപ, അധികമുള്ള ഓരോ പശുവിനും 200 രൂപ, അരുമമൃഗങ്ങൾക്ക് 950 രൂപ, ആടിന് 450 രൂപ, അധികമായി വരുന്ന ഓരോന്നിനും 100 രൂപ, 1000 കോഴികൾക്ക് 450 രൂപ എന്നിങ്ങനെയാണ് ചികിത്സാ ഫീസ്. കേന്ദ്രീകൃത കോൾ സെന്റർ സംവിധാനത്തിലൂടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന 1962 എന്ന ടോൾ ഫ്രീ നമ്പർ വഴി മൊബൈൽ വെറ്ററിനറി യൂണിറ്റിൻ്റെ സേവനം കർഷകർക്ക് വീട്ടുപടിയ്ക്കൽ ലഭ്യമാകും.  

 

ചടങ്ങിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രജിത ടീച്ചർ, വൈസ് പ്രസിഡൻ്റ് ദീപാ സജീവ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ ജീവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ അഡ്വ. രാഖി ആൻ്റണി, വി ജി ജയകുമാർ, എം ജി രാജേശ്വരി, ടി എസ് ജാസ്മിൻ, ഓമനാ ബാനർജി, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജയ പ്രതാപൻ, വി കെ സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ യു അനീഷ്, ലത ശശിധരൻ, എസ് വി ബാബു, കുത്തിയതോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസീന സാദിഖ്, കുത്തിയതോട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സിന്ധു ബിജു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അരുണാദേവി, പട്ടണക്കാട് സീനിയർ വെറ്റിനറി സർജൻ രാജേഷ്, സെക്രട്ടറി ഇൻ ചാർജ് സി എ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

(പിആർ/എഎൽപി/1432)

date