ദാമ്പത്യബന്ധത്തിലെ വിള്ളലുകളുടെ ദൂഷ്യവശം ഏറ്റവുമധികം ബാധിക്കുന്നത് കുട്ടികളെ : അഡ്വ. പി. സതീദേവി
*വനിതാ കമ്മിഷന്‍ അദാലത്തിൽ 22 പരാതികള്‍ തീര്‍പ്പാക്കി
ദാമ്പത്യ ബന്ധങ്ങളിലെ വിള്ളലുകളുടെ ദൂഷ്യവശം ഏറ്റവുമധികം ബാധിക്കുന്നത് കുട്ടികളെയെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.
ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന ജില്ലാതല അദാലത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.
കമ്മിഷനു മുമ്പാകെ വന്ന കേസുകളില്‍ കൂടുതലും ഗാർഹിക ചുറ്റുപാടുകളിലുള്ള വിഷയങ്ങളാണ്. കുട്ടികളിലെ വിദ്യാഭ്യാസ സംബന്ധമായ പ്രശ്നങ്ങൾ, കുടുംബത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടില്ലായ്മ, ഒറ്റപ്പെടൽ തുടങ്ങിയ പ്രശ്നങ്ങൾ ഈ അവസ്ഥമൂലം ഉണ്ടാകുന്നു. വിവാഹേതര ബന്ധങ്ങൾ, പരസ്പര വിശ്വാസമില്ലായ്മ, അയൽവാസികൾ തമ്മിലുള്ള പ്രശ്നങ്ങൾ എന്നിവയൊഴിവാക്കാൻ ജാഗ്രതാ സമിതികളുടെ കൃത്യമായി ഇടപെടൽ വേണമെന്നാണ് കമ്മിഷൻ ആഗ്രഹിക്കുന്നതെന്നും അധ്യക്ഷ പറഞ്ഞു.
അദാലത്തിൽ ആകെ 84 പരാതികൾ പരിഗണിച്ചു. 22 എണ്ണം തീര്‍പ്പാക്കി. എട്ടെണ്ണത്തില്‍ പൊലീസ് റിപ്പോര്‍ട്ട് തേടി. നാലെണ്ണം കൗൺസലിങ്ങിനായി ശിപാർശ ചെയ്തു. ബാക്കി 50 പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. അദാലത്തിൽ കമ്മിഷന്‍ അംഗങ്ങളായ വി ആര്‍ മഹിളാമണി, കുഞ്ഞയിഷ, അഭിഭാഷകരായ അഡ്വ. ജിനു എബ്രഹാം, അഡ്വ. മിനീസ ജബ്ബാർ, കൗണ്‍സലര്‍ അഞ്ജന വിവേക്, ആലപ്പുഴ വനിതാ സെൽ ഉദ്യോഗസ്ഥർ, ശിശുക്ഷേമ സമിതി കൗൺസലർമാർ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/1433)
- Log in to post comments