Skip to main content

മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ പ്രീ-പെയ്ഡ് ഓട്ടോ സംവിധാനം വരുന്നു

 

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രീ-പെയ്ഡ് ഓട്ടോ/ ടാക്‌സി/ആംബുലന്‍സ് സംവിധാനം ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് അസി. ഡെവലപ്പമെന്റ് കമ്മീഷണര്‍ പി.എസ്. ഷിനോയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിശദമായ പദ്ധതി തയ്യാറാക്കി. ആശുപത്രിയുടെ ഇന്‍-റോഡ് വികസനത്തിനായി 5.75 കോടി രൂപയുടെ പദ്ധതിയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ആശുപത്രിയിലേയ്ക്കുള്ള വാഹനങ്ങളുടെ പ്രവേശനം വണ്‍വേ ആക്കാനും ആംബുലന്‍സിന് പ്രത്യേക റണ്‍വേ ഉണ്ടാക്കാനുമുള്ള പദ്ധതിയും ഉടന്‍ നടപ്പാക്കും. ഇതിന്റെ ഭാഗമായാണ് പ്രീ-പെയ്ഡ് സംവിധാനമൊരുങ്ങുന്നത്. ആശുപത്രി കോമ്പൗണ്ടില്‍ ഉപയോഗിക്കാതെ കിടക്കുന്ന പോലീസ് എയ്ഡ് പോസ്റ്റ് കൗണ്ടറായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. കമ്പ്യൂട്ടറിനും മറ്റ് അടിസ്ഥാന സൗകര്യത്തിനുമുള്ള ഫണ്ട് ആശുപത്രി വികസന സൊസൈറ്റിയില്‍ നിന്ന് കണ്ടെത്തും. ശബരിമല പ്രീ-പെയ്ഡ് ടാക്‌സി സംവിധാനത്തിന്റെ മാതൃകയില്‍ സര്‍ക്കാര്‍ നിരക്കില്‍ നിന്ന് വ്യത്യസ്തമായി പുതുക്കിയ നിരക്ക് നിശ്ചയിക്കാന്‍ ഓട്ടോ/ടാക്‌സി പ്രതിനിധികളുടെ യോഗം വിളിച്ച് ഏകീകൃത നിരക്ക് തീരുമാനിക്കും. നിരക്ക് സംബന്ധിച്ച് 2014ലെ സര്‍ക്കാര്‍ ഉത്തരവ് പാലിക്കാന്‍ ഓട്ടോ/ടാക്‌സി ഡ്രൈവര്‍മാര്‍ വിസമ്മതിക്കുന്നതിനാലാണ് മെഡിക്കല്‍ കോളേജ് പ്രീ-പെയ്ഡ് സംവിധാനത്തിനു മാത്രമായി സമവായത്തിലൂടെ നിരക്ക് ഏകീകരിക്കുന്നത്. പോലീസിന്റെ സഹകരണത്തോടെ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യും. സുരേഷ് കുറുപ്പ് എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടുന്ന ആശുപത്രി വികസന സൊസൈറ്റിയുടെതാണ് തീരുമാനമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ അറിയിച്ചു. ധാരാളം രോഗികള്‍ ഇത്തരമൊരു സംവിധാനത്തിന്റെ കുറവുമൂലം ചൂഷിതരാകുന്നുണ്ട്. മറ്റ് ജില്ലകളില്‍ നിന്നു പോലും പാവപ്പെട്ട രോഗികള്‍ ധാരാളം എത്തുന്ന കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇത്തരമൊരു സംവിധാനം വരുന്നത് അനേകര്‍ക്ക് വലിയ ആശ്വാസമാകും- സൂപ്രണ്ട് പറഞ്ഞു. 

 

ഇത് സംബന്ധിച്ച് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍.റ്റി.ഒ-പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ഓട്ടോ/ടാക്‌സി/ആംബുലന്‍സ് സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   

(കെ.ഐ.ഒ.പി.ആര്‍-2028/17)

date