Skip to main content

ആയുർവ്വേദം..... ആരോഗ്യം..... ആനന്ദം

ജങ്ക് ഫുഡുകളാണോ നിങ്ങളുടെ കുട്ടിയുടെ ഇഷ്ടഭക്ഷണം ?

 

തിരക്കേറിയ ജീവിതത്തിനിടയിൽ ഇത്തരം അനാരോഗ്യകരമായ ജീവിത ശൈലി നിങ്ങളെ അപകടത്തിലേക്ക് നയിച്ചേക്കാം. ഇതിനെതിരെ പ്രതിരോധം തീർക്കുകയാണ് നാഷ്ണൽ ആയുഷ് മിഷൻ. എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ ഒരുക്കിയിരിക്കുന്ന സ്റ്റാളിലൂടെ ആയുർവ്വേദത്തിൻ്റെ ഗുണങ്ങളും ആരോഗ്യകരമായ ജീവിത ശൈലിയുടെ ആവശ്യകതയും ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഇവർ. 

ആയുർവ്വേദ പദാർത്ഥങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന വിവിധ വിഭവങ്ങൾ സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഓരോ ദിവസവും വ്യത്യസ്ത തരം വിഭവങ്ങളാണ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. 

 

ലാജാ മോദകം, തുളസി ഹൽവ , കരിനെല്ലിക്ക എന്നിവയെല്ലാം അവയിൽ ചിലത് മാത്രം. ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഇവ ഉണ്ടാക്കുന്ന വിധവും കാണികൾക്ക് അറിയാം. ജങ്ക് ഫുഡിനോടുള്ള പ്രിയം ഏറി വരുന്ന ഇക്കാലത്ത് ആരോഗ്യവും രുചിയും ഒരേ പോലെ അടങ്ങിയിട്ടുള്ള രുചിക്കൂട്ടുകൾ ജനങ്ങളിലേക്കെത്തിക്കാനാണ് നാഷ്ണൽ ആയുഷ് മിഷൻ്റെ ശ്രമം. 

വിവിധ തരം അങ്ങാടി മരുന്നുകൾ അടങ്ങിയ ഔഷധപ്പെട്ടി സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്. 

 

കുടിവെള്ളത്തിന് പകരം ദ്രാക്ഷാദി കഷായത്തിൻ്റെ മരുന്നുകൾ ഉപയോഗിച്ച് ഉണ്ടാക്കിയ ആയുർവേദ ഔഷധ പാനകവും സ്റ്റാളിൽ ഒരുക്കിയിരിക്കുന്നു. 

ആയുർവേദം അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരവും സ്റ്റാളിൽ സംഘടിപ്പിച്ച് വരുന്നു. മത്സരത്തിൽ വിജയികളാവുന്നവർക്ക് ആയുർവ്വേദ മെഡിസിൻ കിറ്റാണ് സമ്മാനം. ആഭാ കാർഡ് രജിസ്ട്രേഷൻ, ഇ- ഹോസ്പിറ്റൽ സംവിധാനം ജനങ്ങൾക്ക് പരിചയപ്പെടുത്തൽ, പൊതുജനങ്ങളുടെ പ്രകൃതി അസസ്മെൻറ് തുടങ്ങിയ സംവിധാനങ്ങളും സ്റ്റാളിൽ ഒരുക്കിയിരിക്കുന്നു. 

 

ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആയുർവേദത്തിന്റെ ഗുണങ്ങൾ ജനങ്ങളെ ബോധവൽക്കരിക്കുകയാണ് നാഷണൽ ആയുഷ്മിഷൻ.

date