ക്വിസ് മത്സരത്തിൽ പങ്കെടുക്കാം സമ്മാനങ്ങൾ നേടാം: വരൂ എൻറെ കേരളം പ്രദർശന വിപണന മേളയിലേക്ക്
വിനോദത്തിലൂടെ അറിവും വിജ്ഞാനവും പകർന്നുനൽകി മുന്നേറുകയാണ് എൻറെ കേരളം പ്രദർശന വിപണന മേള. കൊച്ചി മറൈൻഡ്രൈവ് മൈതാനിയിലെ മേളയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറുകയാണ് വിവിധ വകുപ്പുകൾ നടത്തുന്ന ക്വിസ് മത്സരങ്ങൾ. കെ.എസ്.ഇ.ബി മോട്ടോർ വാഹന വകുപ്പ്, ജി.എസ്.ടി, വനം, ആയുഷ് ഹോമിയോ, ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല, രജിസ്ട്രേഷൻ, എക്സൈസ് തുടങ്ങി വിവിധ വകുപ്പുകളുടെ സ്റ്റാളുകളിലാണ് ക്വിസ് മത്സരം അരങ്ങേറുന്നത്. മിഠായികൾ മുതൽ പേനയും സോപ്പും വിത്തുകളും ഹെൽമറ്റും ഉൾപ്പെടെ നിരവധി സമ്മാനങ്ങളാണ് പങ്കെടുക്കുന്നവരെയും വിജയികളെയും കാത്തിരിക്കുന്നത്.
മത്സരത്തിൽ പങ്കെടുത്ത് വിജയിക്കുക എന്നതിലുപരി വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ, വിവിധ നിയമങ്ങൾ, ചട്ടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ബോധവൽക്കരണം എന്നിവ ലക്ഷ്യമാക്കിയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഉത്തരങ്ങൾ തെറ്റിയാലും ശരിയുത്തരം പറഞ്ഞ് തരുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനുളള അവസരവും ഉദ്യോഗസ്ഥർ ഒരുക്കിയിട്ടുണ്ട്.
മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ക്വിസ് മത്സരത്തിൽ ഓരോ ദിവസത്തേയും വിജയികളിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് 1300 രൂപ വിലയുള്ള ഹെൽമെറ്റാണ് സമ്മാനം. എറണാകുളം ആർ.ടി. ഓഫീസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ വി. വിനീഷ് സ്വന്തം നിലക്കാണ് ഹെൽമറ്റുകൾ സമ്മാനമായി നൽകുന്നത്.
ക്വിസ് മത്സരത്തിന് പുറമേ ആരോ ത്രോ, ബാസ്കറ്റ് മ്പോൾ, ഹോക്കി ത്രോ, ഷൂട്ട് ഔട്ട്, അമ്പെയ്ത്ത് തുടങ്ങിയ മത്സരങ്ങളും കായിക വകുപ്പ് ഉൾപ്പെടെയുള്ള വിവിധ സ്റ്റാളുകളിൽ ഒരുക്കിയിട്ടുണ്ട്. മേളയിൽ നിന്ന് വ്യത്യസ്ത ചിത്രങ്ങളും റീലുകളും എടുക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകി പബ്ലിക് റിലേഷൻസ് വകുപ്പും മുൻപന്തിയിലുണ്ട്. മേള വെള്ളിയാഴ്ച (മേയ് 23) സമാപിക്കും
- Log in to post comments