സ്പോർട്സ് കൗൺസിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടി ഇന്ന് (23) ജില്ലയിൽ
മാരത്തണും വാക്കത്തണും
എറണാകുളത്ത് റാലി, പൊതുസമ്മേളനം*
സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കായിക വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന “KICK DRUGS SAY YES TO SPORTS” എന്ന സന്ദേശവുമായി ലഹരി വിരുദ്ധ പ്രചാരണ ജാഥ ഇന്ന് (മെയ് 23) എറണാകുളം ജില്ലയില്‍ എത്തിച്ചേരും.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തിൽ അന്നേ ദിവസം രാവിലെ 6 ന് മുവാറ്റുപുഴയില്‍ നിന്നും കോതമംഗലത്തേക്ക് മാരത്തണും ശേഷം കോതമംഗലത്ത് നിന്നും വാക്കത്തണും നടത്തുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പത്ര സമ്മേളനത്തിൽ അറിയിച്ചു.
പ്രചാരണ ജാഥയുടെ ജില്ലാതല സമാപനത്തിന്റെ ഭാഗമായി വൈകീട്ട് 3 ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ നിന്നും ദര്‍ബാര്‍ ഹാള്‍ ഗ്രാണ്ടിലേക്ക് റാലിയും തുടർന്ന് പൊതു സമ്മേളനവും നടക്കും.
മെയ് 5 ന് കാസർഗോഡ് ആരംഭിച്ച ജാഥ മെയ് 26 ന് മലപ്പുറത്ത് സമാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജാഥയുടെ ഭാഗമായി മിനി മാരത്തൺ, വാക്കത്തൺ, കളിക്കളം വീണ്ടെടുക്കൽ, മുഖാമുഖം, കലാ- കായിക ഘോഷയാത്ര തുടങ്ങി വിപുലമാ പരിപാടികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്നത്.
മിനി മാരത്തൺ
( പത്ത് കിലോമീറ്റർ)*
മൂവാറ്റുപുഴ കക്കടശ്ശേരി പാലത്തിൽ നിന്ന് രാവിലെ 6.30 ന് ആരംഭിച്ച് വിമലഗിരി സ്കൂൾ - റോട്ടറി ക്ലബ് വഴി ബൈപ്പാസിൽ കടന്ന്- കോതമംഗലം മൈ ജി ഷോറൂമിന് സമീപം സമാപിക്കുന്ന രീതിയിലാണ് മിനി മാരത്തൺ സംഘടിപ്പിച്ചിരിക്കുന്നത്. മാത്യു കുഴൽനാടൻ എം.എൽ.എ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 5 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യവും ഉണ്ടാകും.
ഒന്നാം സ്ഥാനക്കാർക്ക് 15,000, രണ്ടാം സ്ഥാനക്കാർക്ക് 10,000, മൂന്നാം സ്ഥാനക്കാർക്ക് 7,500, ബാക്കി 7 സ്ഥാനക്കാർക്ക് 2000 രൂപ വീതവും സമ്മാനം ലഭിക്കും. സ്ത്രീകൾക്കും പരുഷൻമാർക്കും വെവ്വേറെ ആയാണ് സമ്മാനത്തുക നൽകുക.
വാക്കത്തൺ*
മിനി മാരത്തണിന് ശേഷം രാവിലെ 8 ന് കോതമംഗലം നഗരസഭാ കാര്യാലയത്തിന് സമീപത്തുനിന്ന് ആരംഭിക്കുന്ന വാക്കത്തൺ ആന്റണി ജോൺ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും. കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹിമാൻ, മറ്റ് ജനപ്രതിനിധികൾ, കായിക താരങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ഒന്നര കിലോമീറ്റർ ദൂരം സംഘടിപ്പിച്ചിരിക്കുന്ന വാക്കത്തൺ
കോതമംഗലം മുനിസിപ്പൽ ഓഫീസിൽ നിന്ന് തുടങ്ങി കോതമംഗലം ചെറിയപള്ളി, സെന്റ് തോമസ് ഹാളിൽ സമാപിക്കും. തുടർന്ന് വിവിധ കലാപരിപാടികളും മാരത്തൺ വിജയികൾക്കുള്ള സമ്മാനദാനവും നടക്കും.
കളിക്കളം വീണ്ടെടുക്കൽ*
കായിക വകുപ്പ് മന്ത്രി നേരിട്ട് കളിക്കളങ്ങൾ സന്ദർശിച്ച് കുട്ടികളുമായി സംസാരിച്ച്, അവർക്കുള്ള സ്പോർട്‌സ് കിറ്റുകൾ വിതരണം ചെയ്യുകയും ഗ്രൗണ്ടുകൾ പുനരുദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുയും ചെയ്യുന്ന പരിപാടിയാണ് കളിക്കളം വീണ്ടെടുക്കൽ. ഇതിന്റെ ഭാഗമായി ജില്ലയിലെ പുത്തൻകുരിശ്, കാളവയൽ ഗ്രൗണ്ടിൽ രാവിലെ 11.30 നും കളമശേരി, കൂനംതൈ ഗ്രൗണ്ടിൽ ഉച്ചയ്ക്ക് 12.30 നും മന്ത്രി നേരിട്ടെത്തും.
മുഖാമുഖം പരിപാടി*
കായിക വകുപ്പ് മന്ത്രി കായിക താരങ്ങളുമായി സംവദിക്കുന്ന മുഖാമുഖം പരിപാടിയും ജില്ലയിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 2.30 ന്
എറണാകുളം ടൗൺ ഹാളിലെ ഇ.എം.എസ് ഹാളിലാണ് മുഖാമുഖം പരിപാടി നടക്കുക.
സമാപന ചടങ്ങ്*
മറൈൻ ഡ്രൈവിൽ നിന്നും ദർബാർ ഹാൾ ഗ്രൗണ്ടിലേക്ക് കായിക മന്ത്രിയും മറ്റു മന്ത്രിമാരും ജനപ്രതിനിധികളും കായിക താരങ്ങളും പൊതു ജനങ്ങൾക്കൊപ്പം അണിനിരന്ന് നടത്തുന്ന കായിക കലാ സാംസ്‌കാരിക ഘോഷ യാത്ര ഉച്ചയ്ക്കുശേഷം 3.30 ന് ആരംഭിക്കും.
പത്രസമ്മേളനത്തിൽ സ്പോർട്സ് കൗൺസിൽ ജില്ലാ സെക്രട്ടറി ടി പി റോയിയും പങ്കെടുത്തു.
- Log in to post comments