ഇവിടെയുണ്ട് ലോകത്തിലെ ഏറ്റവും വലിയ നിശാശലഭം ;
വനഗവേഷണ സ്ഥാപനത്തിൻ്റെ പവലിയൻ പ്രകൃതിയറിവുകളുടെ അക്ഷയഖനി
എന്റെ കേരളം പ്രദർശന വിപണനമേളയിലെ കേരള വനഗവേഷണ സ്ഥാപനത്തിന്റെ പവലിയൻ അറിവിന്റെ വനാന്തരമാണ്. സംസ്ഥാന ചിത്രശലഭം, ദക്ഷിണേന്ത്യയിലെ വലിപ്പമേറിയ ശലഭം, ഇല പ്രാണികൾ, മറ്റു ശലഭങ്ങൾ എന്നിവ ഉൾപ്പെടെ ചെറു പ്രാണികളുടെ വൻ ശേഖരം കാണികളെ അത്ഭുതപ്പെടുത്തുംവിധം ഇവിടെ ഒരുക്കിയിട്ടുണ്ട്.
കേരളത്തിൽ പൊതുവേ കണ്ടുവരുന്ന മുളകളുടെ വിത്തുകളും ഏറ്റവും വലിയ മുളയായ ആനമുളയുടെ വിത്തും, ചന്ദനം, രക്തചന്ദനം, യൂക്കാലി, കടമ്പ്, സ്വർണം ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന സോപ്പ് നട്ട്, ആഴാന്ത, രുദ്രാക്ഷം എന്നിവയുടെ വിത്തുകളും പലയിനം മരങ്ങളുടെ തടികളും പുത്തൻ അറിവുകളായി സ്റ്റാളിലുണ്ട്.
ഭൗമസൂചിക പദവി ലഭിച്ച കണ്ണാടി പായയും ഭൗമസൂചിക സർട്ടിഫിക്കറ്റും സ്റ്റാളിലെ ആകർഷണങ്ങളാണ്. പാലക്കാട്, എറണാകുളം, തൃശ്ശൂർ, ഇടുക്കി എന്നീ ജില്ലകളിലെ ആദിവാസി ഊരുകളിൽ പരമ്പരാഗതമായി നെയ്തു വരുന്ന പായയാണ് കണ്ണാടിപ്പായ. അവ സ്വന്തമാക്കാനുള്ള അവസരവും മേളയിലുണ്ട്.
കൂടാതെ കെ എഫ് ആർ ഐ യുടെ കൂഴൂരിലെ ഉപകേന്ദ്രത്തിൽ ടിഷു കൾച്ചർ പ്രക്രിയവഴി ഉത്പാദിപ്പിച്ചെടുത്ത പലയിനം അഗ്ലോണിമ, ആന്തൂറിയം, കേട്സ് ക്ലോ, വാഴ, അലോക്കേഷ്യ, ഫിലോൺഡെൻഡ്രോൺ, എന്നിങ്ങനെ പലയിനം ഇൻഡോർ ഔട്ട്ഡോർ അലങ്കാര ചെടികൾ വില്പനയ്ക്കായി തയ്യാറാണ്.ഒപ്പം ലാത്തി മുള, അലങ്കാര പന, ടിഷുകൾച്ചർ ബോട്ടിൽ മാതൃക, ടിഷുകൾച്ചർ പ്രക്രിയയുടെ വിവിധ ഘട്ടങ്ങളും സ്റ്റാളിൽ പൊതുജനങ്ങൾക്ക് അറിവേകാൻ സജ്ജമാണ്.
- Log in to post comments