Skip to main content

പബ്ലിക് സ്ക്വയർ അദാലത്തിൻ്റെ രണ്ടാം ഘട്ടം ജൂണിൽ നടത്തും: മന്ത്രി പി. രാജീവ്

അദാലത്തുകൾ ഒന്നും ആവശ്യമില്ലാത്ത രീതിയിലേക്ക് ഭരണ സംവിധാനത്തെ മാറ്റുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്.  കരുമാല്ലൂർ ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച പബ്ലിക് സ്ക്വയർ പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ജൂൺ മാസത്തിൽ പബ്ലിക് സ്ക്വയർ അദാലത്തിൻ്റെ രണ്ടാം ഘട്ടം സംഘടിപ്പിക്കും. മൂന്ന് തദ്ദേശ സ്ഥാപനങ്ങൾ വീതമുള്ള രണ്ട് അദാലത്തുകളാണ് ഈ ഘട്ടത്തിൽ സംഘടിപ്പിക്കുക. വിവിധ സംഘടനകൾ, മണ്ഡലത്തിലെ റസിഡൻ്റ്സ് അസോസിയേഷനുകൾ, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരുമായി ചർച്ച നടത്തും. മണ്ഡലവുമായി  ബന്ധപ്പെട്ട ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇതെന്ന് മന്ത്രി വ്യക്തമാക്കി. 

അദാലത്തുകളിൽ നിന്ന് കണ്ടെത്തുന്ന നവീകരണം ആവശ്യമായ ചട്ടങ്ങളും നിയമങ്ങളും സർക്കാരിൻ്റെ പൊതു ശ്രദ്ധയിൽ കൊണ്ടു വരും.  പരമാവധി സേവനങ്ങൾ എത്രയും  വേഗം നടന്നു കിട്ടണം. തദ്ദേശ സ്വയംഭരണ വകുപ്പിൽ നൂറിലധികം ചട്ടങ്ങളാണ് മാറാൻ പോകുന്നത്. ഇതിനോടകം നടന്ന അദാലത്തുകളിൽ ലഭിച്ച ഒട്ടു മിക്ക പരാതികളും പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിൻ്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെ വലിയ പിന്തുണയാണ് ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തട്ടാംപടി സെൻ്റ് ലിറ്റിൽ തെരേസ സ്കൂളിൽ നടന്ന പബ്ലിക് സ്ക്വയർ അദാലത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സബിത നാസർ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് മുഖ്യാതിഥിയായി.

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ് ഷഹന, കരുമാല്ലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പോൾസൺ ഗോപുരത്തിങ്കൽ, സ്ഥിരം സമിതി അധ്യക്ഷരായ റംല ലത്തീഫ്, ശ്രീദേവി സുധി, പഞ്ചായത്ത് അംഗങ്ങളായ ജിജി അനിൽകുമാർ, ശ്രീലത ലാലു, ജോർജ് മേനാച്ചേരി, പഞ്ചായത്ത് സെക്രട്ടറി ടി.കെ സജീവൻ തുടങ്ങിയവർ സംസാരിച്ചു.

date