ആമിനുമ്മക്ക് ഇനിയും പെൻഷൻ ലഭിക്കും; കൈത്താങ്ങേകി പബ്ലിക് സ്ക്വയർ
പതിറ്റാണ്ടുകളായി ആമിനുമ്മക്ക് ലഭിച്ചിരുന്ന പെൻഷൻ ഇല്ലാതായത് തികച്ചും ആകസ്മികമായിട്ടായിരുന്നു. മരുന്ന് ഉൾപ്പെടെ സ്വന്തം കാര്യങ്ങൾക്ക് പേരക്കുട്ടിയെ ആശ്രയിക്കേണ്ടി വരുന്നത് 90 കാരിയായി ആമിനുമ്മയെ കുറച്ചൊന്നുമല്ല വിഷമിച്ചത്. എന്നാൽ ആമിനുമ്മയുടെ മുഖത്ത് നിറപുഞ്ചിരി സമ്മാനിക്കുന്നതായിരുന്നു കരുമാല്ലൂരിൽ നടന്ന പബ്ലിക് സ്ക്വയർ അദാലത്ത്.
മകളുടെ മകനൊപ്പം താമസിക്കുന്ന ആമിനുമ്മക്ക് മൂന്ന് വർഷം മുൻപ് വരെ സാമൂഹ്യ പെൻഷൻ ലഭിക്കുന്നുണ്ടായിരുന്നു. എന്നാൽ മകൻ്റെ പേരിൽ കാർ ഉണ്ട് എന്ന കാരണത്താൽ പെൻഷൻ നിർത്തലാക്കുകയായിരുന്നു. ഇത് സംബന്ധിച്ച് പല തവണ പരാതികൾ നൽകിയിരുന്നെങ്കിലും നടപടി ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ആമിനുമ്മ കൊച്ചുമകനൊപ്പം പബ്ലിക് സ്ക്വയറിലെത്തിയത്. മന്ത്രി പി. രാജീവിനോട് ഇക്കാര്യം പറയുകയും ചെയ്തു. ആമിനുമ്മയുടെ ആവശ്യം കേട്ട മന്ത്രി ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥരോട് വിശദീകരണം ആരാഞ്ഞു.
ഇതോടെ പെൻഷൻ പുനസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകുകയായിരുന്നു. ഇത്തരം കാര്യങ്ങളിൽ അനുഭാവപൂർണ്ണമായ സമീപനങ്ങൾ വേണമെന്നും മന്ത്രി ഉദ്യോഗസ്ഥരുടെ ആവശ്യപ്പെട്ടു. മന്ത്രിക്ക് ദീർഘായുസ്സും ഐശ്വര്യവും നേർന്നു കൊണ്ടായിരുന്നു അവർ മടങ്ങിയത്
- Log in to post comments