*പബ്ലിക് സ്‌ക്വയര്‍ : തീര്‍പ്പാക്കിയത് 130 പരാതികള്‍*
വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിൽ ഏലൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച പബ്ലിക് സ്‌ക്വയര്‍ പരാതി പരിഹാര അദാലത്തിന് വന്‍ സ്വീകാര്യത. ഏലൂർ ടൗൺ ഹാളിൽ നടന്ന അദാലത്തിൽ 130 പരാതികളിലാണ് തീർപ്പ് കൽപ്പിച്ചത്.
നൂറു കണക്കിനു പേരായിരുന്നു പരാതി പരിഹാരത്തിനായി പബ്ലിക് സ്ക്വയറിലേക്ക് എത്തിയത്. പട്ടയ പ്രശ്‌നംങ്ങള്‍, ഭൂമി തരംമാറ്റം, മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിന് വേണ്ട അപേക്ഷകൾ, ഭവന നിർമാണം, മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവിധ പരാതികള്‍ എന്നിവയായിരുന്നു അധികവും. ആകെ ലഭിച്ച 200 പരാതികളിൽ 130 എണ്ണം തീർപ്പാക്കിയപ്പോൾ നേരിട്ട് ലഭിച്ച 70 പരാതികൾ ഉൾപ്പെടെയുള്ളവ റിപ്പോർട്ടിനും തുടർ നടപടികൾക്കും മറ്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി.
മുഴുവന്‍ സമയവും അദാലത്തില്‍ പങ്കെടുത്ത മന്ത്രി പി.രാജീവ് പൊതുജനങ്ങള്‍ക്കു നേരിട്ടു പരാതികള്‍ ഉന്നയിക്കുന്നതിനും പരിഹാരമുണ്ടാക്കുന്നതിനും അവസരമൊരുക്കിയിരുന്നു. മന്ത്രിക്കു പുറമേ ജില്ലാ സബ് കളക്ടര്‍ കെ മീര, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവരും അദാലത്തിന്റ ഭാഗമായി.
കളമശ്ശേരി മണ്ഡലത്തിൽ നടന്ന അദാലത്തുകളിൽ നിന്നായി മൊത്തം 1280 പരാതികളാണ് ലഭിച്ചത്. അതിൽ 908 പരാതികൾ തീർപ്പാക്കി. അദാലത് സമയത്ത് ലഭിച്ച 322 പരാതികൾ റിപ്പോർട്ടിനും തുടർ നടപടികൾക്കും മറ്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി.
മണ്ഡലത്തിൽ നടന്ന അവസാന പബ്ലിക് സ്ക്വയറായിരുന്നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഏലൂരിൽ നടന്നത്.
- Log in to post comments