7.1 കോടിയുടെ വികസനം; നായരമ്പലത്ത് 'ആധുനിക മത്സ്യഗ്രാമ'ത്തിന് 29 നു തുടക്കം
കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം നിർവഹിക്കും
നായരമ്പലം ഗ്രാമപഞ്ചായത്തിൽ 7.1 കോടി രൂപയുടെ 'ആധുനിക തീരദേശ മത്സ്യഗ്രാമം' പദ്ധതിക്കു ഈ മാസം 29 ന് തുടക്കമാകും.
മത്സ്യത്തൊഴിലാളികളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതി വൈകിട്ട് 3.30ന് നായരമ്പലം മംഗല്യ ഓഡിറ്റോറിയത്തിൽ കേന്ദ്ര ഫിഷറീസ് വകുപ്പു സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും.
ഹൈബി ഈഡൻ എംപി, കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ, കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് കോർപ്പറേഷൻ എം. ഡി പി ഐ ഷേക്ക് പരീത് , ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് എന്നിവർ ഉൾപ്പെടെ പങ്കെടുക്കും.
ഒൻപത് പരിപാടികളാണ് ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കുകയെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പത്ര സമ്മേളനത്തിൽ പറഞ്ഞു. വലിയത്താൻ പറമ്പ് ബീച്ചിൽ ഫിഷ്ലാൻഡിംഗ് സെൻ്റർ ഒരുക്കാൻ ഒരു കോടി ആറു ലക്ഷം രൂപ ചെലവഴിക്കും. സോളാർ പാനലും ബോർവെല്ലും ഉൾപ്പെടെ സംവിധാനങ്ങൾ ഇവിടെ ഉണ്ടാകും.
മത്സ്യ സംസ്കരണ യൂണിറ്റും ടോയ്ലെറ്റ് ബ്ലോക്കും നിർമ്മിക്കാൻ ഒരു കോടി 58 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മത്സ്യ സംസ്കരണ യൂണിറ്റ് വലിയത്താൻപറമ്പ് ഫിഷ് ലാൻഡിംഗ് സെൻ്ററിലും ടോയ്ലെറ്റ് ബ്ലോക്ക് പുത്തൻകടപ്പുറം ഫിഷ്ലാൻഡിംഗ് സെൻ്ററിലുമാകും. പൊതു ആവശ്യങ്ങൾക്കും ശൗചാലയത്തിനും നായരമ്പലത്ത് സൗകര്യമൊരുക്കും. 1.26 കോടി രൂപയാണിതിന് ചെലവ്.
വിനോദസഞ്ചാരികൾ എത്തുന്ന നെടുങ്ങാട് ഫിഷറീസ് അനുബന്ധ ഇക്കോ ടൂറിസം പ്രവൃത്തികളുണ്ടാകും.ഫ്ലോട്ടിംഗ് റെസ്റ്ററൻ്റും അനുബന്ധ സൗകര്യങ്ങളുമൊരുങ്ങും. ചെലവ് 94.20 ലക്ഷം രൂപ.
തീര സംരക്ഷണം ഉറപ്പാക്കുന്നതിനു ജൈവ കവചം പദ്ധതിക്കു 25 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്. 37.50 ലക്ഷം രൂപ ചെലവിൽ വനിതാ ശക്തീകരണത്തിനായി ഓട്ടോ ഇലക്ട്രിക് കിയോസ്കുകൾ പദ്ധതി ഉറപ്പാക്കുന്നു. 150 കൃത്രിമ റീഫ് മൊഡ്യൂളുകൾ 31 ലക്ഷം രൂപ ചെലവിൽ വിന്യസിക്കും. നായരമ്പലം ഫിഷ് ലാൻഡിംഗ് സെൻ്ററിൽ 50 ലക്ഷം രൂപയുടെ പബ്ളിക് ടോയ്ലെറ്റും സ്ഥാപിക്കും.
പത്ര സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നീതു ബിനോദ്, കെഎസ്സിഎഡിസി റീജനൽ മാനേജർ കെ ബി രമേഷ് എന്നിവരും പങ്കെടുത്തു.
- Log in to post comments