ദേശീയപാതയിലെ വെള്ളക്കെട്ടും ഗതാഗതകുരുക്കും പരിഹരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം
നിര്‍മാണപ്രവര്‍ത്തനത്തിന്റെ ഭാഗമായി ദേശീയപാതയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ വെള്ളക്കെട്ടും അനുബന്ധ ഗതാഗതകുരുക്കും സ്‌കൂള്‍തുറക്കുന്ന പശ്ചാത്തലത്തില്‍ അടിയന്തരമായി പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് നിര്‍ദേശം നല്‍കി. പരാതികള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ദേശീയപാത ഉദ്യോഗസ്ഥര്‍, കരാറുകാരുടെ പ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേമ്പറില്‍ വിളിച്ചു ചേര്‍ത്താണ് നിര്‍ദേശം.
ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും പഞ്ചായത്ത് അധ്യക്ഷരും സംയുക്ത പരിശോധനാസംഘങ്ങള്‍ രൂപീകരിക്കണം. കൊട്ടിയം, പാരിപ്പള്ളി, ചവറ, കല്ലുവാതുക്കല്‍, ചാത്തന്നൂര്‍ എന്നിവിടങ്ങളാണ് പ്രശ്‌നബാധിതമേഖലകള്‍. ഈ സാഹചര്യത്തില്‍ പൊലിസിന്റെ ഇടപെടല്‍ അനിവാര്യമാണ്. കൊട്ടിയത്ത് ദേശീയ പാതയില്‍ ഉണ്ടായ വിള്ളല്‍ അടയ്ക്കണം. ഗതാഗതം സുഗമമാക്കാന്‍ പ്രത്യേക സംവിധാനവും വേണം. കിംസ് ആശുപത്രി മുതല്‍ അല്‍മാനമ വരെയുള്ള വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവാക്കാനാകണം.
ഡ്രൈനേജ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ചാത്തനൂരില്‍ പഞ്ചായത്ത് റോഡുകള്‍ ദേശീയ പാതയുമായി ചേരുന്ന ഇടങ്ങളില്‍ ഓടകള്‍ നിര്‍മിക്കണം. ടൈറ്റാനിയം ജംഗ്ഷന്‍ മുതല്‍ പന്മന വരെയും കരുനാഗപള്ളിയിലും റോഡിലുണ്ടായ കുഴികള്‍ കരാറുകാര്‍ അടയ്ക്കണം. സര്‍വീസ് റോഡുകളുടെ നിര്‍മ്മാണം ത്വരിതപെടുത്തണം. ദിശാസൂചകങ്ങള്‍, സുരക്ഷാനാട എന്നിവ കൃത്യതയയോടെ സ്ഥാപിക്കണം.
കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപത്തു പഴയ ദേശീയപാതയില്‍ രൂപപ്പെട്ട വിള്ളല്‍ പരിഹരിക്കാന്‍ റെയില്‍വേ, ദേശീയപാത വകുപ്പുകളഎയാണ് ചുമതലപ്പെടുത്തിയത്. മെയ് 29ന് ഇവിടെ സംയുക്ത പരിശോധന നടത്തും.
എ ഡി എം ജി നിര്‍മല്‍ കുമാര്‍, ദേശീയപാത അതോറിറ്റി, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments