മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ലക്ഷ്യ ലേബർ റൂം പ്രവർത്തനം ആരംഭിച്ചു
ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് ഉദ്ഘാടനം നിർവഹിച്ചു
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ലക്ഷ്യ ലേബർ റൂം ആൻഡ് ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സ്, ഓ പി അനക്സ് ബ്ലോക്ക് ഗ്രൗണ്ട് ഫ്ലോർ ആൻഡ് ഫസ്റ്റ് ഫ്ലോർ, 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെന്റ് സെന്റർ എന്നിവ പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.
പുതിയതായി നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്ന ഓ പി അനക്സ് ബ്ലോക്കിലേക്ക് കൂടുതൽ ഒപികൾ ക്രമീകരിക്കുന്നതോടെ മറ്റ് ബ്ലോക്കുകളിൽ പ്രവർത്തിക്കുന്ന ഒ പി കൾ എല്ലാം ഒറ്റ ബ്ലോക്കിലേക്ക് മാറും. 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെന്റ് സെൻ്റർ പ്രവർത്തനം ആരംഭിക്കുന്നതോടെ ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് നെഫ്രോപ്പതി, പെരിഫറൽ ന്യൂറോപ്പതി തുടങ്ങിയ രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി നിയന്ത്രിക്കാൻ സാധിക്കും. എറണാകുളം ജനറൽ ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച 360 ഡിഗ്രി മെറ്റബോളിക് സെന്റർ വിജയകരമായതിനെ തുടർന്നാണ് സംസ്ഥാന വ്യാപകമാക്കുന്നത്. പ്രമേഹം, രക്താദിമർദം എന്നിവയ്ക്ക് പുറമേ വൃക്കകളുടെ കാര്യക്ഷമത, കണ്ണുകളിലും കാലുകളിലും ബാധിക്കുന്ന പ്രമേഹത്തിന്റെ പരിശോധന, പൾമണറി ഫങ്ഷൻ ടെസ്റ്റ്, ഡയറ്റ് കൗൺസിലിംഗ് തുടങ്ങിയ എല്ലാ സേവനങ്ങളും ഇനി ഒറ്റ കുടക്കീഴിൽ ലഭ്യമാക്കുന്നതാണ്. ഇതിലൂടെ പ്രമേഹം മാത്രമല്ല പ്രമേഹം മൂലമുള്ള ഗുരുതര രോഗങ്ങളേയും നിയന്ത്രിക്കാൻ സാധിക്കും. ലക്ഷ്യ നിലവാരത്തിൽ ലേബർ റൂം പ്രവർത്തനക്ഷമമാകുന്നതോടെ നിലവിലെ ലേബർ റൂം സംവിധാനങ്ങൾ പൂർണ്ണമായും ലക്ഷ്യ ലേബർ റൂമിലേക്ക് മാറി പ്രവർത്തനം ആരംഭിക്കും.
ദേശീയ ആരോഗ്യ മിഷൻ അനുവദിച്ച 3.07 കോടി രൂപ ചിലവാക്കിയാണ് ലക്ഷ്യ ഓപ്പറേഷൻ തിയേറ്റർ & ലേബർ റൂം കോംപ്ലക്സ് പൂർത്തീകരിച്ചത്. മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 99.83 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ചതാണ് ഒപി അനക്സ് ബ്ലോക്ക് ഫസ്റ്റ് ഫ്ലോർ. മുൻ എം എൽ എ എൽദോ എബ്രഹാമിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 99.6 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ചതാണ് ഒ പി അനക്സ് ബ്ലോക്ക് ഗ്രൗണ്ട് ഫ്ലോർ. മൂവാറ്റുപുഴ മുനിസിപ്പാലിറ്റി മുഖേന പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഫണ്ടിൽനിന്നും 45 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ചതാണ് 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെന്റ് സെന്റർ.
മൂവാറ്റുപുഴ എംഎൽഎ ഡോ: മാത്യു കുഴൽനാടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി പി എൽദോസ്, എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി, എറണാകുളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കോശി സി പണിക്കർ, നഗരസഭ വൈസ് ചെയർപേഴ്സൺ സിനി ബിജു , ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ പി എം അബ്ദുൽസലാം, വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ ജോസ് കുര്യാക്കോസ്, മൂവാറ്റുപുഴ മുൻ എംഎൽഎ എൽദോ എബ്രഹാം, എച്ച് എം സി മെമ്പേഴ്സ്, കൗൺസിലർമാർ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിത ബാബു പിഡബ്യൂഡി ജീവനക്കാർ, നഗരസഭ ജീവനക്കാർ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.
- Log in to post comments