തൃപ്പൂണിത്തുറ മണ്ഡലത്തിലെ പദ്ധതികൾക്ക് വേണ്ട ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കണം കെ. ബാബു എം.എൽ.എ
തൃപ്പൂണിത്തുറ നിയോജക 'മണ്ഡലത്തിലെ വിവിധ പദ്ധതികൾക്ക് വേണ്ട ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് കെ. ബാബു എം.എൽ.എ. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥർക്ക് നിദ്ദേശം നൽകിയത്.
എസ്.എൻ. ജംഗ്ഷൻ - പൂത്തോട്ട റോഡ് നവീകരണത്തിനായി അധികമായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കുമ്പളം - തേവര പാലം നിർമ്മാണത്തിനുള്ള സ്ഥലം ഏറ്റെടുപ്പിന് വേണ്ട തുക ലഭിച്ചതായി തഹസിൽദാർ അറിയിച്ചു. ഇതോടെ ഭൂമി ഏറ്റെടുക്കൽ ഉടൻ പൂർത്തിയാക്കാൻ കഴിയും.
കുണ്ടന്നൂർ ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കളക്ടറേറ്റിൽ നിന്ന് നടപ്പാക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തൃപ്പൂണിണിത്തുറ ഇരുമ്പ് പാലത്തിൻ്റെ സമാന്തര പാലം പണിയുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് യോഗത്തിൽ കളക്ടർ ഉറപ്പ് നൽകി.
മരട് മാർക്കറ്റ് റോഡ് നിമ്മാണത്തിനും പാലം ഉയർത്തി നിർമ്മിക്കുന്നതിനുമുള്ള ഭരണാനുമതി ലഭിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിൻ്റെ പാലം (ബ്രിഡ്ജസ്) വിഭാഗം സർക്കാരിനെ സമീപിക്കും. പെരുമ്പടപ്പ് - കുമ്പളങ്ങി റോഡ് നിർമ്മാണത്തിനായി കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ട സാഹചര്യത്തിൽ പുതുക്കിയ ഭരണാനുമതി ലഭിക്കുന്നതിനായി സർക്കാരിന് കത്തയച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
തൃപ്പൂണിത്തുറ ഗവ. കോളേജിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിലേക്കുള്ള റോഡിന് വേണ്ട പുതിയ രൂപരേഖ കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് അയക്കുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.
കളക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ ലാൻഡ് അക്വിസിഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. രജീന, വിവിധ ഓഫീസുകളുടെ മേധാവികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments