പന്തിഭോജനത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു; കളക്ടറും നഗരാസഭാധ്യക്ഷന്മാരും വിളമ്പുകാരായി
ചരിത്ര താളുകളിലൂടെ മാത്രം കേട്ടറിഞ്ഞ പന്തിഭോജനത്തിന് കാഞ്ഞങ്ങാട് ടൗണ്‍ഹാള്‍ സാക്ഷിയായി. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82 ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് സമാപന ദിനത്തില്‍ പന്തിഭോജനം സംഘടിപ്പിച്ചത്. ജാതി മത ഭേദമന്യേ സമൂഹത്തിന്റെ നാനാ തുറകളില്‍പ്പെട്ടവര്‍ ഇലവെച്ച് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു.ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബു ,കാഞ്ഞങ്ങാട്, നീലേശ്വരം ,നഗരസഭ ചെയര്മാന്മാരായ വി വി രമേശന്, പ്രൊഫ കെപി ജയരാജന് എന്നിവരാണ് ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്ക് എത്തിയവര്‍ക്ക് ഭക്ഷണം വിളമ്പിയത്. ഒരുകാലത്ത് എല്ലാ ജാതിക്കാര്‍ക്കും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുക എന്നത് സ്വപ്നത്തില്‍ പോലും സങ്കല്പ്പിക്കാന് കഴിയാത്ത കാര്യമായിരുന്നു. സാമൂഹിക പരിഷ്കര്‍ത്താക്കളുടെ പ്രവര്‍ത്തന ഫലമായാണ് ഒരുമിച്ച് ഇരുന്നു ഉണ്ണാനുള്ള അവകാശം നേടി്യെടുത്തത്. പുതു തലമുറയ്ക്ക് പഴങ്കഥ മാത്രമായ ഈ ചരിത്ര വസ്തുതയുടെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ടൗണ്‍ഹാളില്‍ നടന്നത്.
വിവിധ മത അധ്യക്ഷന്മ്മാരും വിദ്യാര്‍ത്ഥികളും അധ്യാപകരും രാഷ്ട്രീയ പ്രവര്‍ത്തകരും കുടുംബശ്രീ അംഗങ്ങളും സാധാരണക്കാരുമടക്കം നിരവധി പേരാണ് പന്തിഭോജനത്തില്‍ ഭക്ഷണം കഴിക്കാനെത്തിയത്. ചരിത്രം പുസ്തക താളുകളില്‍ എഴുതിച്ചേര്‍ക്കേണ്ടത് മാത്രമല്ല പുനര്സൃഷ്ടിക്കേണ്ടത് കൂടിയാണന്ന് ഈ പന്തി ഭോജനം സാക്ഷ്യപ്പെടുത്തുന്നു.
- Log in to post comments