ലക്ഷ്യം ഭിന്നശേഷി സൗഹൃദ ബ്ലോക്ക്; ഭിന്നശേഷി കുട്ടികളുടെ ക്ഷേമം ഉറപ്പാക്കി ചവറ ബ്ലോക്ക് പഞ്ചായത്ത്
ഭിന്നശേഷി കുട്ടികളുടെ വിനോദ-ഉല്ലാസവും, ആരോഗ്യ സംരക്ഷണവും ഉറപ്പാക്കി ചവറ ബ്ലോക്ക് പഞ്ചായത്ത്. 2024-25 കാലയളവില്‍ 36,68,571 രൂപ വകയിരുത്തി വ്യത്യസ്ത പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കിയത്.
ഭിന്നശേഷി കുട്ടികള്‍ക്ക് ആകാശത്തിന്റെ അതിര്‍വരമ്പുകള്‍ കാണാനും ആസ്വദിക്കാനും ചവറ ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ടുവെച്ച പദ്ധതിയാണ് 'ഉല്ലാസം'. 2024-25 കാലയളവില്‍ ബ്ലോക്ക് വികസന ഫണ്ടില്‍ നിന്നും 3,50,000 രൂപ വകയിരുത്തി സംസ്ഥാന ടൂര്‍ ഫെഡ് മുഖേനയാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്. വീടിന്റെ ജനല്‍ പാളികളിലൂടെ മാത്രം ആകാശം കാണാന്‍ വിധിക്കപ്പെട്ടവര്‍ എന്ന് സ്വയം ആശ്വസിക്കാന്‍ പഠിച്ച കുഞ്ഞുങ്ങള്‍ക്ക് ആകാശയാത്ര സാധ്യമാക്കാന്‍ ചവറ ബ്ലോക്ക് പഞ്ചായത്തും കൊല്ലം, എറണാകുളം ജില്ലകളിലെ റെയില്‍വേ പോട്ടര്‍മാരും എത്തി.
പദ്ധതിയുടെ ആദ്യഘട്ടമായി പഞ്ചായത്ത് തലത്തില്‍ ഭിന്നശേഷി ഗ്രാമസഭ നടത്തി വിശദമായ ശാരീരിക പരിശോധനയ്ക്ക് ശേഷമാണ് കുട്ടികളെ തിരഞ്ഞെടുത്തത്. 2024 ഡിസംബറില്‍ 11 ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും നിരീക്ഷണസമിതി സംഘവും, ആരോഗ്യസംഘവും ചവറ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ബസ് മാര്‍ഗം തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടു. വിമാനമാര്‍ഗം കൊച്ചിയിലെത്തിയ സംഘം അവിടെനിന്ന് മറ്റൊരു വാഹനത്തില്‍ മറൈന്‍ഡ്രൈവില്‍ എത്തി, 'സാഗരറാണി' കപ്പലില്‍ രണ്ടുമണിക്കൂര്‍ നീണ്ട ഉല്ലാസയാത്ര നടത്തി. ജലയാത്ര ആഘോഷമാക്കി തീര്‍ക്കാന്‍ ഡിജെ പാര്‍ട്ടിയും, നാദ മേളങ്ങളും അണിചേര്‍ന്നു. എറണാകുളത്ത് നിന്നും ട്രെയിന്‍ വഴി കൊല്ലത്ത് എത്തിച്ചേര്‍ന്നു. ഈ വര്‍ഷവും 'ഭിന്നശേഷി കുട്ടികള്‍ക്ക് വിമാനയാത്ര' എന്ന പേരില്‍ പദ്ധതി വകയിരുത്തിട്ടുണ്ട്.
ബ്ലോക്ക് പരിധിയില്‍ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള ഭിന്നശേഷി കുട്ടികള്‍ക്ക് സൗജന്യമായി മരുന്നു നല്‍കുന്ന പദ്ധതിയാണ് ''വിദ്യാസാന്ത്വന കിരണം'. 2024-25 സാമ്പത്തിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന ഫണ്ടില്‍ നിന്നും 11 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. ആദ്യഘട്ടം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് മുഴുവന്‍ ഭിന്നശേഷി കുട്ടികള്‍ക്കും ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ സൗജന്യമായി ചവറ സി.എച്ച്.സി വഴി വിതരണം നടത്തി. എല്ലാ മാസവും രക്ഷിതാക്കള്‍ സി.എച്ച്.സി യിലെത്തിയാണ് മരുന്നുകള്‍ കൈപ്പറ്റുന്നത്. മാസം 4,000 രൂപ വിലവരുന്ന മരുന്നുകളാണ് ലഭ്യമാക്കുന്നത്. കുട്ടികള്‍ക്ക് വേണ്ടുന്ന ഡയപ്പര്‍ വിതരണവും നടത്തുന്നു.
ചവറ ബ്ലോക്ക് പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഫിസിയോതെറാപ്പി ചികിത്സാ ഉറപ്പാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ട് വെച്ച നൂതന ആശയമാണ് മൊബൈല്‍ ഫിസിയോതെറാപ്പി. ഇതിനായി 2024-25 സാമ്പത്തിക വര്‍ഷം വികസന ഫണ്ടില്‍ നിന്നും 60,000 രൂപ വകയിരുത്തി 'സാന്ത്വന സാരഥി' പദ്ധതി നടപ്പിലാക്കി. ആദ്യഘട്ടം ബി.ആര്‍.സി യുടെ പങ്കാളിത്തത്തോടെ വാഹനം വാടകയ്ക്ക് എടുത്ത് കുട്ടികളെ വീടുകളില്‍ നിന്ന് ഫിസിയോതെറാപ്പി സെന്ററുകളിലേക്ക് എത്തിച്ചു. രണ്ടാം ഘട്ടം ഫിസിയോതെറാപ്പി സെന്ററുകളില്‍ എത്താന്‍ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളുടെ വീടുകളിലേക്ക് ബി.ആര്‍.സി യിലെ ഫിസിയോതെറാപ്പിസ്റ്റും അനുബന്ധ സംവിധാനങ്ങളുമെത്തിയാണ് പരിചരണം നല്‍കുന്നത്.
ഈ പദ്ധതികള്‍ക്ക് പുറമെ 2024-25 വര്‍ഷം 1,25,000 രൂപ വകയിരുത്തി ഭിന്നശേഷി കലോത്സവവും, 20,50,000 രൂപ ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കിവരുന്നു. വരും വര്‍ഷങ്ങളിലും ഇത്തരം പദ്ധതികള്‍ വിജയിപ്പിച്ച് ഭിന്നശേഷി സൗഹൃദ ബ്ലോക്കെന്ന അംഗീകാരം നേടുകയാണ് ലക്ഷ്യമെന്ന് ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി വ്യക്തമാക്കി.
- Log in to post comments