സ്നേഹാദരം ഒരുക്കി പി ബാലചന്ദ്രൻ എം.എൽ.എ
തൃശ്ശൂർ നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും നൂറ് ശതമാനം വിജയം നേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പി ബാലചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ആദരിച്ചു. തൃശ്ശൂർ ടൗൺഹാളിൽ നടത്തിയ സ്നേഹാദരം പരിപാടി റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു.
ജയപരാജയങ്ങളുടെ കമ്പോള കണക്കുകൾക്കപ്പുറം സ്നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും മക്കളായി മാറണമെന്നും മന്ത്രി പറഞ്ഞു. ലോകം വളരെ വിപുലമാവുകയും മക്കൾക്ക് പഠിക്കാനുള്ള സൗകര്യങ്ങൾ ഉയർന്നുവരികയും ചെയ്യുന്ന ഈ കാലത്ത് പ്രൊഫഷനുകളെ കുറിച്ചല്ല ചർച്ച ചെയ്യേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തൃശ്ശൂർ നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ 45 വിദ്യാലയങ്ങളെയും, പ്ലസ് ടു പരീക്ഷയിൽ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ 15 വിദ്യാലയങ്ങളെയുമാണ് പരിപാടിയിൽ ആദരിച്ചത്. നിയോജകമണ്ഡലത്തിലെ ഉന്നത വിജയം കരസ്ഥമാക്കിയ ആയിരത്തോളം വിദ്യാർത്ഥികൾ ആദരവ് ഏറ്റുവാങ്ങി.
പി. ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി. കൗൺസിലർമാരായ ബീന മുരളി, സതീഷ് കുമാർ, സംഘാടകസമിതി ചെയർമാൻ അനൂപ് ഡേവിസ് കാട, സംഘാടകസമിതി കൺവീനർ കെ. ബി സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments