പട്ടികജാതി വികസന വകുപ്പ് വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗത്തിലെ അരുന്ധതിയാർ, ചക്ലിയൻ, വേടൻ, നായാടി, കള്ളാടി വിഭാഗക്കാര്‍ക്കായി പ്രത്യേകം നടപ്പിലാക്കുന്ന ദുർബല വിഭാഗ വികസന പദ്ധതിയുടെ ഭാഗമായി 2025 -26 വർഷത്തെ വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭൂമി വാങ്ങൽ, ഭവന നിർമാണം, ഭവന പുനരുദ്ധാരണം, സ്വയംതൊഴിൽ, കൃഷിഭൂമി, പഠനമുറി, ടോയ്ലറ്റ് നിർമാണം, സ്വയംതൊഴിൽ പരിശീലനം എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
വകുപ്പ് നടപ്പിലാക്കുന്ന ഭൂമി വാങ്ങൽ, ഭവന നിർമാണം എന്നീ പദ്ധതികൾക്ക് ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പഠനമുറി പദ്ധതിക്ക് അഞ്ച് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. പഠനമുറി നിർമിക്കുന്നതിന് മൂന്ന് ലക്ഷം രൂപ അനുവദിക്കും. ഭവനപുനരുദ്ധാരണത്തിന് 2.5 ലക്ഷം രൂപയാണ് അനുവദിക്കുക. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഭവന നിർമാണം /ഭവന പുനരുദ്ധാരണം എന്നിവയ്ക്ക് ധനസഹായം ലഭിച്ചവരാകരുത് അപേക്ഷകർ. സ്വയംതൊഴിൽ പദ്ധതിക്ക് പ്രൊജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൂന്ന് ലക്ഷം രൂപ വരെ ഗ്രാന്റായി അനുവദിക്കും. പ്രായപരിധി 18-60 വരെ. പദ്ധതികളിലേക്ക് അപേക്ഷിക്കുന്നതിനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയാണ്.
അപേക്ഷാ ഫോം ബ്ലോക്ക് /മുനിസിപ്പാലിറ്റി /കോർപറേഷൻ പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും. ജൂൺ 30ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അതത് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ:0487 2360381
- Log in to post comments