സഹകരണ പെൻഷൻ പ്രൊഫോമ സമർപ്പിക്കാത്തവർക്ക് ജൂൺ 13 മുതൽ വീണ്ടും സിറ്റിംഗ്
സഹകരണ പെൻഷൻകാരുടെ മസ്റ്ററിങ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിനായി ആവശ്യപ്പെട്ട വിവരങ്ങൾ ആദ്യഘട്ടത്തിൽ സമർപ്പിക്കാൻ സാധിക്കാത്ത സ്ഥാപനങ്ങൾക്കും പെൻഷൻകാർക്കും വീണ്ടും സിറ്റിംഗ് നടത്തും. ജൂൺ 13 മുതൽ 26 വരെയാണ് സിറ്റിംഗ് നടക്കുക. മലപ്പുറം ജില്ലയിലെ സിറ്റിംഗ് ജൂൺ 21ന് നടക്കും.
സഹകരണ പെൻഷൻകാരുടെ മസ്റ്ററിങ് പ്രശ്നങ്ങൾ പരിഹരിക്കാൻ ലൈഫ് സർട്ടിഫിക്കറ്റ് ജീവൻ രേഖ വഴി സമർപ്പിക്കുന്നതിന് വേണ്ടിയാണ് പ്രൊഫോമ വഴി വിവരങ്ങൾ ശേഖരിക്കുന്നത്. പെൻഷൻ ബോർഡ് തയ്യാറാക്കിയ പ്രൊഫോമയോടൊപ്പം ആധാറിന്റെ പകർപ്പും ഉൾപ്പെടുത്തിയാണ് രേഖകൾ സമർപ്പിക്കേണ്ടത്.
പെൻഷൻകാർ സേവനമനുഷ്ഠിച്ചിരുന്ന ബാങ്ക്/ സംഘം രേഖകൾ ശേഖരിക്കുകയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോ കേരള ബാങ്ക് മാനേജരോ ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന രേഖകൾ ജില്ലയിൽ സിറ്റിംഗ് നടത്തുന്ന കേന്ദ്രങ്ങളിൽ എത്തിക്കണമെന്ന് പെൻഷൻ ബോർഡ് അഡീഷണൽ രജിസ്ട്രാർ അറിയിച്ചു.
- Log in to post comments