\മണീട് ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി
പിറവം: മണീട് ഗ്രാമപഞ്ചായത്തിൽ കേരള കർഷക ക്ഷേമവകുപ്പിന്റെ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി. 175 ഹെക്ടർ സ്ഥലത്ത് 21875 തെങ്ങുകളുടെ കൃഷി ചെയ്യുന്നതിനായുള്ള സഹായമാണ് ഈ പദ്ധതിയിലൂടെ ലഭ്യമാകുന്നത്. മണീട് അംബേദ്കർ ഹാളിൽ ചേർന്ന ചടങ്ങിൽ പിറവം എം.എൽ.എ അനൂപ് ജേക്കബ് പദ്ധതി ഉദ്ഘാടനം ചെയ്തു.
പാമ്പാക്കുട, ഇലഞ്ഞി, മണീട്, കൂത്താട്ടുകുളം, പിറവം മേഖലകളിലെ കേരകർഷകരെ സംയോജിപ്പിച്ച് കൂടുതൽ നാളികേര ഉത്പാദനം സാധ്യമാകുന്ന പദ്ധതികൾ നടപ്പിലാക്കുമെന്ന് എം.എൽ.എ പറഞ്ഞു. കർഷക പ്രാധാന്യമുള്ള മേഖലയിലെ പഞ്ചായത്തുകളിൽ വിവിധ സർക്കാർ പദ്ധതികൾ ലഭ്യമാക്കി കാർഷികമേഖലയിലെ സമഗ്ര പുരോഗതിക്കായി പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാടശേഖരങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ ഉൾപ്പെടെ വികസിപ്പിച്ച് നെൽകൃഷിയിൽ മുന്നേറ്റം ഉണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയബാധിത റോഡുകളുടെ അറ്റകുറ്റപണികൾക്കായി തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ അധ്യക്ഷത വഹിച്ച മണീട് പഞ്ചായത്ത് പ്രസിഡണ്ട് ശോഭ ഏലിയാസ് കേരഗ്രാമം പദ്ധതി പഞ്ചായത്തിന്റെ സ്വപ്നപദ്ധതിയാണെന്ന് പറഞ്ഞു. പദ്ധതിയിലൂടെ പഞ്ചായത്തിലെ തെങ്ങ് കൃഷിയുടെ പുനരുജ്ജീവനം സാധ്യമാകുമെന്നും അവർ വ്യക്തമാക്കി. തെങ്ങ് പരിപാലനത്തിനും മറ്റ് കാർഷിക ജോലികൾക്കും തൊഴിലാളികൾ ഇല്ലാത്ത അവസ്ഥയിലാണ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കാർഷിക കർമസേന രൂപീകരിച്ചത്. കാർഷികമേഖലയിൽ കർമ്മസേനയുടെ പങ്ക് വളരെ വലുതാണെന്ന് പറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് കൃഷിവകുപ്പിന്റെ മികച്ച സഹകരണം കർഷകർക്ക് ഏറെ ഉപകാരപ്രദമാണെന്നും കൂട്ടിച്ചേർത്തു. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ കേരകർഷകർക്ക് ജൈവവളം, നീറ്റ്കക്ക, പൊട്ടാഷ്, തെങ്ങുകയറ്റ ഉപകരണം, പമ്പ് സെറ്റ് തുടങ്ങിയ വിതരണം ചെയ്യുമെന്ന് അറിയിച്ചു.
കർഷകർക്കുള്ള വളത്തിന്റെ പെർമിറ്റ് വിതരണം മാർക്കറ്റ് ഫെഡ് വൈസ് ചെയർമാൻ എൻ. പി പൗലോസ് നിർവഹിച്ചു. ചടങ്ങിൽ സംസാരിച്ച മണീട് കൃഷി ഓഫീസർ ആഭാ രാജ് പുതിയ ഹൈബ്രിഡ് ഇനം തെങ്ങുകൾക്ക് ശാസ്ത്രീയ പരിചരണം ആവശ്യമാണെന്ന് പറഞ്ഞു. മികച്ച പരിചരണം നൽകിയാൽ ഈ തെങ്ങുകൾ മികച്ച വിളവ് നൽകുമെന്നും അവർ വ്യക്തമാക്കി. കേരഗ്രാമം പദ്ധതിയുടെ ഭാഗമായി 30 തെങ്ങുകയറ്റ യന്ത്രം വിതരണം ചെയ്യുമെന്നും അവർ പറഞ്ഞു. ഇതിന് സ്വന്തമായി സ്ഥലം മാനദണ്ഡമല്ല. തെങ്ങ് പരിപാലനത്തിലൂടെ വരുമാനം കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് ഇത് അവസരമാണെന്നും കൃഷി ഓഫീസർ പറഞ്ഞു. പദ്ധതിയുടെ വിജയത്തിനായി കൃഷിഭവന് പുറമേ കേരസമിതി, കുടുംബശ്രീ, ഹരിതസേന തുടങ്ങി എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് ഓഫീസർ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. ജെ ജോസഫ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി സജി, പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആലീസ് ബേബി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എസ് രാജേഷ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ധന്യ സിനേഷ് പഞ്ചായത്ത് അംഗങ്ങളായ എൽസി ജോർജ്, ഓമന വർഗീസ്, പി. ഐ ഏലിയാസ്, ബീന ബാബുരാജ്, എൽദോ തോമസ്, സുരേഷ് കുമാർ ഇ.എസ്, സന്തോഷ് വി. കെ, സിന്ധു അനിൽ, സി.ഡി.എസ് ചെയർപേഴ്സൺ രഞ്ജിനി മോഹൻ, പി.എസ് ജോബ്, അരുൺകുമാർ കെ.ബി, കെ. റ്റി ഭാസ്കരൻ, പി.വി സ്കറിയ, പൗലോസ് കുഴുപ്പിള്ളി, ബിജു മാധവൻ, ജോൺസൺ, അനീഷ് വർഗീസ്, പോൾ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
- Log in to post comments