ലോക പ്രമേഹദിന ജില്ലാതല ഉദ്ഘാടനം നടത്തി
കാക്കനാട്: ലോക പ്രമേഹ ദിന ജില്ലാതല ഉദ്ഘാടനം ജില്ല കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള നിർവഹിച്ചു. ജീവിതരീതിയാണ് ഇന്നത്തെ മിക്ക രോഗങ്ങൾക്കും പ്രധാന കാരണം. ഇതിനെതിരെയുള്ള പ്രതിരോധം കുട്ടികളിൽ നിന്ന് ആരംഭിക്കണം. കുട്ടികളിൽ നിന്നാണ് പുതിയ തലമുറ വളർന്നു വരുന്നത്. അതിനാൽ പ്രൈമറിതലം മുതൽ കുട്ടികളിൽ ജീവിതരീതികളെക്കുറിച്ച് ബോധവൽക്കരണം നടത്തണമെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
പ്രമേഹ ദിനത്തോടനുബന്ധിച്ച് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് സൗജന്യ ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിലെ സേവനങ്ങൾ കലക്ടർ പ്രയോജനപ്പെടുത്തി. കലക്ടറേറ്റ് ജീവനക്കാർക്കു വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കൂടാതെ ഒക്ടോബർ 22 മുതൽ 31 വരെ നടത്തിയ കേറ്റ്പ ക്യാമ്പയിനിൽ മികച്ച സേവനം കാഴ്ചവച്ച പി.എച്ച്.സികളെ പരിപാടിയിൽ ആദരിച്ചു. പൊതുസ്ഥലത്ത് പുകയില വസ്തുക്കൾ ഉപയോഗിക്കുന്നത്, പരസ്യങ്ങൾ സ്ഥാപിക്കുന്നത്, അനധികൃതമായി പുകയില ഉൽപ്പന്നങ്ങൾ വിൽക്കുക, 18 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉല്പന്നങ്ങൾ വിൽക്കുക, വിദ്യാലയ പരിസരങ്ങളിൽ പുകയില വസ്തുക്കൾ വിൽക്കുക എന്നീ കുറ്റകൃത്യങ്ങൾ നടത്തിവർക്കെതിരെ നടപടിയെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തതിൽ മികച്ച സേവനം നടത്തിയ പി എസ് സി കളെയാണ് ചടങ്ങിൽ ആദരിച്ചത്. തുടർന്ന് മോഹൻസ് ഡയബറ്റിക് സെൻറർ ഡോക്ടർ ജ്യോതിഷ് പ്രമേഹവും കുടുംബവും എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസ്, എറണാകുളം ജനറൽ ആശുപത്രി, ഐ. എം. എ, ഐ എഫ് എസ് ഐ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രമേഹദിന പരിപാടി സംഘടിപ്പിച്ചത്. ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസ് ഡോക്ടർ എൻ കെ കുട്ടപ്പൻ, അഡീഷണൽ ഡി എം ഒ ഡോ. എസ് ശ്രീദേവി, ഡെപ്യൂട്ടി ഡി എം ഒ ഡോക്ടർ വിദ്യാ കെ ആർ, ജില്ലാ മെഡിക്കൽ ഓഫീസർ പി എൻ ശ്രീനിവാസൻ, ഡെപ്യൂട്ടി കളക്ടർ എസ് ഷാജഹാൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
- Log in to post comments