Skip to main content

ഞാറു നടീൽ ഉത്സവം സംഘടിപ്പിച്ചു

 

കരുമാല്ലൂർ: പ്രളയം നഷ്ടപ്പെടുത്തിയ കാർഷിക സമൃദ്ധി വീണ്ടെടുക്കാനൊരുങ്ങി കരുമാലൂർ പഞ്ചായത്ത്. ഇതിൻറെ ഭാഗമായി വെളിയത്തുനാട് ഈസ്റ്റ്  പാടശേഖരത്തിൽ ഞാറു നടീൽ ഉത്സവം സംഘടിപ്പിച്ചു. കരുമാല്ലൂർ ഗ്രാമപഞ്ചായത്തിന്റെയും  വെളിയത്ത് നാട് ഈസ്റ്റ് പാടശേഖര സമിതിയുടെയും നേതൃത്വത്തിലാണ് നടീൽ ഉത്സവം സംഘടിപ്പിച്ചത്. വെളിയത്ത് നാട്ടിലെ എറ്റവും പ്രായം ചെന്ന കർഷകനായ മുസ്തഫ ഞാറ് നട്ട് പരിപാടി ഉൽഘാടനം ചെയ്തു. 200 ഏക്കറോളം വരുന്ന ഭൂമിയിലാണ് വീണ്ടും പച്ച വിരിച്ചിരിക്കുന്നത്. 

പ്രളയം നഷ്ടപ്പെടുത്തിയതെല്ലാം തിരിച്ചുപിടിക്കാനുള്ള ആവേശത്തിൽ കാർഷിക മേഖലയുടെ സ്മൃതികളുണർത്തി നാട്ടുകാർ ഒന്നാകെ പാടത്തിറങ്ങി ഞാറുനടീൽ ഉത്സവം ഗംഭീരമാക്കി. രാസവസ്തുക്കളും കീടനാശിനികളും ഒഴിവാക്കി പരമ്പരാഗത രീതിയിലുള്ള ജൈവകൃഷിയാണ് നടപ്പാക്കുന്നത്.

പ്രളയത്തിൽ കരുമാല്ലൂർ പഞ്ചായത്തിലെ കാർഷിക മേഖലയിൽ 2 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു.  എല്ലാ ഇറിഗേഷൻ സ്കീമുകളിലും വെള്ളം കയറുകയും മോട്ടോറുകൾ ഉൾപടെ തകരാറിലാവുകയും ചെയ്തു. കനാലുകളും തോടുകളും പ്രളയത്തിൽ തകർന്നു. എന്നാൽ യുദ്ധകാല അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ സംവിധാനങ്ങളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹായത്തോട് കൂടി പ്രളയാനന്തര അതിജീവന പ്രവർത്തനങ്ങൾ നടത്തിയാണ് പഴയ കാല കാർഷിക അവസ്ഥയിലേക്ക് എത്തിയത്.പ്രളയാനന്തര അതിജീവനം എന്ന നിലയിലാണ് നടീൽ ഉത്സവം നടന്നത്. 

കരുമാലൂർ പഞ്ചായത്ത് പ്രസിഡണ്ട് ജി ഡി ഷിജു,  വിളിച്ചു നാട് ഈസ്റ്റ് പാടശേഖര സമിതി പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, കൃഷി ഓഫീസർ അതുൽ, മെമ്പർമാരായ എ എൻ അശോകൻ, വഹീദ അബ്ദുൽ ലത്തീഫ്, റഷീദ് മുഹമ്മദലി തുടങ്ങിയവർ ഞാറുനടീൽ ഉത്സവത്തിൽ പങ്കെടുത്തു.
 

date