തളിര്‍ ബാല്യത്തിന് ഒരു കരുതല്‍': ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19ന്
'തളിര്‍ ബാല്യത്തിന് ഒരു കരുതല്‍' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ ജൂണ്‍ 19ന് രാവിലെ 11ന് ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി.മനോജ് കുമാര്‍ നിര്‍വഹിക്കും. പദ്ധതി പ്രകാരം ഇനി സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വൃക്ഷതൈ സമ്മാനമായി നല്‍കും. വളര്‍ന്നുവരുന്ന തലമുറകള്‍ക്ക് പരിസ്ഥിതിയുടെ തണലൊരുക്കുകയാണ് ലക്ഷ്യം. വിതരണംചെയ്ത തൈകളുടെ പരിപാലനം അംഗനവാടികള്‍ വഴി നിര്‍വഹിക്കും.
നാല് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ 1000 തൈകള്‍ അമ്മയ്ക്കും കുഞ്ഞിനും നല്‍കും. റോട്ടറി ക്ലബ് ഓഫ് കൊല്ലം ബൈപാസ് സിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതിനിര്‍വഹണം. ഉദ്ഘാടനതലേന്ന് ആശുപത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കണക്കാക്കി അത്രയും വൃക്ഷതൈകള്‍ ഉദ്ഘാടന ദിവസം ആശുപത്രി പരിസരത്ത് നടും.
ചടങ്ങില്‍ കഴിഞ്ഞവര്‍ഷം പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ ജില്ലയില്‍ മാതൃകയായ കുട്ടികളെ പ്രശസ്തി പത്രം നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപന്‍ അനുമോദിക്കും. പരിസ്ഥിതിപാലനത്തില്‍ മികവു പുലര്‍ത്തുന്ന സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തു 'ഭൂമിത്രവിദ്യാലയം' പുരസ്‌കാരം സംബന്ധിച്ച് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് പ്രഖ്യാപനം നടത്തും. സ്‌കൂള്‍ തുറന്നത് മുതല്‍ കേരളപിറവി വരെ മികച്ച രീതിയില്‍ ഗ്രീന്‍ പ്രോട്ടാക്കോളും ശുചിത്വവും പാലിക്കുന്ന സ്‌കൂളുകള്‍ക്ക് ഈ വര്‍ഷം മുതല്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി നല്‍കുന്ന പുരസ്‌കാരമാണിത് എന്ന് ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി ഡി. ഷൈന്‍ദേവ് അറിയിച്ചു.
- Log in to post comments