Skip to main content
..

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ഇക്കൊല്ലം 2.40 കോടി രൂപയുടെ വികസന പദ്ധതികള്‍

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ഇക്കൊല്ലം നടപ്പാക്കുക 2.40 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍. ചടയമംഗലം ബ്ലോക് പഞ്ചായത്താണ് തുക അനുവദിച്ചത്. 2024-25 സാമ്പത്തിക വര്‍ഷം ആതുരസേവന രംഗത്തെ മികച്ച പ്രകടനത്തിന് ആശുപത്രിക്ക് എന്‍.ക്യു.എ.എസ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച പശ്ചാത്തലത്തിലാണ് കൂടുതല്‍ സൗകര്യങ്ങള്‍ക്കായി പണം നല്‍കുന്നതെന്ന് പ്രസിഡന്റ് ലതിക വിദ്യാധരന്‍ പറഞ്ഞു.
ആശുപത്രിയില്‍ പ്രതിദിനം 1500ലധികം രോഗികള്‍ ഒ.പി വിഭാഗത്തിലെത്താറുണ്ട്; 70 ഓളമാണ് ഐ.പി വിഭാഗത്തിലേക്കെത്തുന്നത്. സൗജന്യമാണ് ഹീമോ ഡയാലിസിസ് സേവനം. 2019ല്‍ ആരംഭിച്ച യൂണിറ്റില്‍ 11 ഡയാലിസിസ് കിടക്കകളും 13 ഹീമോ ഡയാലിസിസ് മെഷീനുകളുമാണുള്ളത്. ഇതുവരെ 300 ഓളം പേര്‍ക്കാണ് പ്രയോജനകരമായത്. കഴിഞ്ഞ 5  വര്‍ഷത്തിനിടെ 2.25 കോടി രൂപ ബ്ലോക്ക് പഞ്ചായത്ത് ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചു.
പുതുതായി പ്രവര്‍ത്തനമാരംഭിച്ച എക്‌സ് റേ യൂണിറ്റും കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. 31.24 ലക്ഷം ലക്ഷം ചെലവില്‍ അനുബന്ധ ഉപകരണങ്ങളായ പ്രിന്റര്‍, എക്‌സ് റേ ഫിലിം കൂടി വാങ്ങിയതോടെ സ്വകാര്യമേഖലയെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവായി.  
രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഡയബറ്റിക് ടെസ്റ്റ്, കിഡ്‌നി-ലിവര്‍ ഫംഗ്ഷന്‍, കൊളസ്ട്രോള്‍ ടെസ്റ്റുകള്‍ നടത്തുന്ന ഓട്ടോമേറ്റഡ് മെഷീനും ഇവിടെയുണ്ട്. 13.21 ലക്ഷം രൂപ വരുന്ന മെഷീനിലൂടെ ഒരേസമയം 50 രോഗികളുടെ പരിശോധനാഫലം 20 മിനിറ്റിനകം നല്‍കുന്നുണ്ട്.
കാഷ്വാലിറ്റി, ലബോറട്ടറി യൂണിറ്റുകളുടെ സ്ഥലപരിമിതി പരിഹരിക്കുവാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. സാന്ത്വന പരിചരണം ആവശ്യമായി വരുന്ന രോഗികള്‍ക്ക് ഒന്‍പത് കിടക്കകള്‍ സഹിതമുള്ള പാലിയേറ്റിവ് കെയര്‍ വാര്‍ഡ് പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് 37,43,700 രൂപ വിനിയോഗിച്ചു.
ലക്ഷ്യ പദ്ധതിപ്രകാരം മെറ്റേണിറ്റി ഓപ്പറേഷന്‍ തീയറ്റര്‍, പോസ്റ്റ് നേറ്റല്‍ വാര്‍ഡ്, പോസ്റ്റ് സര്‍ജിക്കല്‍ വാര്‍ഡ്, നഴ്‌സിങ് മുറി, ലേബര്‍, സെപ്റ്റിക്ക് ലേബര്‍, പ്രി അനസ്‌തേഷ്യ മുറികള്‍ എന്നിവയും സജ്ജമാക്കി. ഓപ്പറേഷന്‍ തീയറ്റര്‍, ലേബര്‍ മുറികള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനും തുക അനുവദിച്ചിട്ടുണ്ട്. 40 ലക്ഷം രൂപ ചെലവില്‍ ലിഫ്റ്റ് സ്ഥാപിച്ചത് വഴി മെറ്റേണിറ്റി ബ്ലോക്കിലേക്ക് ഉള്‍പ്പെടെ രോഗികള്‍ക്ക് സുഗമമായി എത്തിച്ചേരാനാകുന്നുമുണ്ട്.
 
 

date