മനുഷ്യ സ്നേഹികളായ പൗരൻമാരെ വായനയിലൂടെ വളർത്തിയെടുക്കാൻ സാധിക്കും : ജില്ലാ കളക്ടർ*
മനുഷ്യ സ്നേഹികളായ പൗരൻമാരെ വായനയിലൂടെ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് ജില്ലാ കളക്ടർ എൻ. എസ്. കെ ഉമേഷ് പറഞ്ഞു. എറണാകുളം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ ലൈബ്രറി കൗൺസിലും ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പും പി എൻ പണിക്കർ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വായന അറിവിന് വേണ്ടി മാത്രമായി കാണരുത്. വായനയിലൂടെ നമുക്ക് ലോകം തന്നെ അനുഭവിച്ചു അറിയുന്ന അനുഭൂതി ലഭിക്കും. സ്കൂൾ പഠന വിഷയങ്ങൾക്കുമപ്പുറം പുറമയുള്ള വലിയ ലോകം വായനയിലൂടെ മനസിലാക്കാൻ സാധിക്കും. വായനയിലൂടെ ലഭിക്കുന്ന അറിവിന് പലമാറ്റങ്ങളും ഉണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത എഴുത്തുകാരൻ ജയകാന്തന്റെ 'തെറ്റുകൾ കുറ്റങ്ങളല്ല' എന്ന രചന തന്റെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും വലിയ സ്വാധിനം ചെലുത്തിയിടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പ്രമുഖ സാഹിത്യകാരൻ പ്രൊ. എം.കെ സാനു പി.എൻ പണിക്കർ അനുസ്മരണം നടത്തി. വായനയുടെ പ്രാധാന്യത്തെ കുറിച്ചും സാഹിത്യ വിഷയങ്ങളെ സംബന്ധിച്ചും വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്താനും അദ്ദേഹം സമയം കണ്ടെത്തി. ഒടുവിൽ വിദ്യാർത്ഥികൾക്കൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്തശേഷം ആണ് അദ്ദേഹം വേദി വിട്ടത്.
ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ അധ്യക്ഷത വഹിച്ചു. പി എൻ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി അനുപമ ഉണ്ണികൃഷ്ണൻ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി കെ സോമൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ആർ സുരേന്ദ്രൻ, പി ടി എ പ്രസിഡന്റ് സുമി ജോയി ഒലിയപ്പുറം, കണയന്നൂർ താലൂക്ക് ലൈബ്രറി സെക്രട്ടറി ഡി ആർ രാജേഷ്, എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ്സ് വി ഒ ആനിമ്മ , ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ ബി ബിജു എന്നിവർ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് ചലച്ചിത്ര താരവും നർത്തകിയുമായ ഡോ. സ്വാതി നാരായണന്റെ കൂച്ചിപ്പൂടി നൃത്താവിഷ്കാരവും ഉണ്ടായിരുന്നു.
- Log in to post comments