Skip to main content

മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണ ദിനാചരണം സംഘടിപ്പിച്ചു

 

 

 

എറണാകുളം ജില്ലാ പഞ്ചായത്ത് സാമൂഹിക നീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷ മിഷൻ, ജില്ലാ വയോജന കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ, മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണ പരിപാടി കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയമം കൊണ്ട് മാത്രം പരിഹരിക്കാൻ പറ്റുന്ന പ്രശ്നമല്ല മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾ എന്ന് ഉദ്ഘാടന സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സാക്ഷരതയിലും സാമൂഹ്യ പുരോഗതിയിലും ഏറെ മുന്നിലാണ് കേരളമെങ്കിലും മുതിർന്നവരോടുള്ള അതിക്രമങ്ങൾ തുടർച്ചയായി ഇവിടെ സംഭവിക്കുന്നുണ്ട്. നിയമങ്ങൾക്ക് പുറമേ വയോജനങ്ങൾക്ക് കരുതൽ നൽകുന്ന കുടുംബാന്തരീക്ഷവും സാമൂഹ്യ അന്തരീക്ഷവും സൃഷ്ടിച്ചാലെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ചടങ്ങിൽ മുഖ്യാതിഥിയായി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ്ജ്,ജില്ലാ ലീഗൽ സർവ്വീസ് സൊസൈറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ആർ.ആർ രജിത, ഫോർട്ട് കൊച്ചി സബ് കളക്ടർ കെ. മീര, ജില്ലാ സോഷ്യൽ പോലീസ് വിംഗ് നോഡൽ ഓഫീസർ കെ.ബി സൂരജ്കുമാർ, ജില്ലാ പഞ്ചായത്തംഗം ലിസി അലക്സ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം ഷഫീഖ്, ജില്ലാ വയോജന കൗൺസിൽ അംഗങ്ങളായ പി.വി സുഭാഷ്, അലി അക്ബർ, കെ.എം പീറ്റർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ സിനോ സേവി, സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോഓഡിനേറ്റർ കെ.സി സുനിത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ വയോജനങ്ങൾക്കായി സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് നൽകുന്ന ഗ്ലൂക്കോ മീറ്റർ വിതരണം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് വയോജന അയൽക്കൂട്ടങ്ങളുടെയും വിവിധ കോളേജുകളിലെ എൻ.എസ്.എസ് വളണ്ടിയർമാരുടെയും കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.

date