Skip to main content
*

പോളിംഗ് സ്റ്റേഷന്‍ പുന:ക്രമീകരണം പൂര്‍ത്തിയാക്കണം - ജില്ലാ കലക്ടര്‍

പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരുടെ എണ്ണം 1200 ആയി നിജപ്പെടുത്തിയുള്ള പുന:ക്രമീകരണ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ചേമ്പറില്‍ ചേര്‍ന്ന അംഗീകൃത രാഷ്ട്രീകക്ഷി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷനായി ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ നിര്‍ദേശം.

വില്ലേജ് പോളിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ടീം രൂപീകരിച്ച് ഫീല്‍ഡ്തല പരിശോധന നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.  പോളിങ് സ്റ്റേഷന്‍ പുനക്രമീകരണത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് വില്ലേജ്തലത്തില്‍ നടക്കുന്ന ബി.എല്‍.ഒ-ബി.എല്‍.എ യോഗങ്ങളില്‍ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ പങ്കെടുക്കുന്നുണ്ടെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ ഉറപ്പാക്കണം. ഒരു ലൊക്കേഷനില്‍ നിന്നുള്ള വോട്ടര്‍മാരെ ഒരു പോളിംഗ് സ്റ്റേഷനില്‍ തന്നെ ക്രമീകരിക്കുന്നതിനും ഒരു കുടുംബത്തിലെ എല്ലാ വോട്ടര്‍മാരും ഒരേ പോളിംഗ് സ്റ്റേഷനില്‍ ഉള്‍പ്പെടുന്നുവെന്നും ബി.എല്‍.എ ഉറപ്പു വരുത്തണം.

ഒരേ പ്രദേശത്തുള്ള ഒന്നില്‍ കൂടുതല്‍ പോളിംഗ് സ്റ്റേഷനുകളില്‍ 1100-ല്‍ അധികമുള്ള വോട്ടര്‍മാരെ അതേ ലൊക്കേഷനിലെ എണ്ണംകുറവുള്ള ബൂത്തുകളിലേക്ക് മാറ്റിക്രമീകരിക്കാനുള്ള സാധ്യത പരിശോധിച്ചു വരികയാണ്. അല്ലെങ്കില്‍ നിലവിലെ ലൊക്കേഷനില്‍ പുതിയ പോളിംഗ് സ്റ്റേഷന്‍ സജ്ജമാക്കും.

ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കും ഡല്‍ഹി ഐ.ഐ.ഐ.ഡി.ഇ.എം-ല്‍ പരിശീലനം ലഭിച്ച ബി.എല്‍.ഒ.മാര്‍ക്കും ജൂണ്‍ 27ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശില്‍പശാല നടത്തും. ജൂലൈ നാലു മുതല്‍ 17 വരെ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ബി.എല്‍.ഒ.മാര്‍ക്കുള്ള ദേശീയ പരിശീലന പരിപാടിയും സംഘടിപ്പിക്കും.

സബ് കലക്ടര്‍ നിഷാന്ത് സിഹാര, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വി.കെ അനിരുദ്ധന്‍ (സി.പി.ഐ.എം), വിനിത വിന്‍സെന്റ് (സി.പി.ഐ), ചന്ദ്രഭാനു (ആര്‍.എസ്.പി), പി.എസ് ശാലു (ബി.ജെ.പി), വിപിന്‍ കണികോണത്ത് (ബി.എസ്.പി), ലിയ എയ്ഞ്ചല്‍ (ആം ആദ്മി), ഈച്ചംവീട്ടീല്‍ നയാസ് മുഹമ്മദ് (കെ.സി-ജെ) തുടങ്ങിയവര്‍ പങ്കെടുത്തു.

date