Skip to main content

{പതിരോധകുത്തിവയ്പ്:  വ്യാജപ്രചാരണങ്ങളില്‍ വീഴരുത്

 

 

കൊച്ചി: മീസില്‍സ് -റുബെല്ല പ്രതിരോധകുത്തിവയ്പിനെതിരെ പ്രചരിക്കുന്ന സത്യ വിരുദ്ധമായ പ്രസ്താവനകള്‍ വിശ്വസിക്കരുതെന്ന് ബോധവത്കരണ പരിപാടി. അബദ്ധശാസ്ത്രങ്ങളുടെ പ്രചാരണമാണ് പ്രതിരോധകുത്തിവെയ്പിനെതിരെ നടക്കുന്നതെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിരോധകുത്തിവെയ്പുകളെക്കുറിച്ചുള്ള ബോധവത്കരണപരിപാടിയില്‍ ക്‌ളാസുകള്‍ നയിച്ച ഡോ എം മനു  പറഞ്ഞു.  

 

ആളുകളെ ഭയചകിതരാക്കുന്ന കള്ളപ്രചാരണമാണ് വാക്‌സിന്‍ വിരുദ്ധര്‍ നടത്തുന്നത്. ഇവ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. പ്രതിരോധകുത്തിവയ്പ് മൂലമാണ് വസൂരി, പോളിയോ തുടങ്ങിയ മാരക രോഗങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ നമുക്ക് കഴിഞ്ഞത്. മീസില്‍സ്, റുബെല്ല തുടങ്ങിയ രോഗങ്ങളും പ്രതിരോധ കുത്തിവയ്പിലൂടെ നിര്‍മാര്‍ജനം ചെയ്യേണ്ടതുണ്ട്. ശാസ്ത്രീയമായ രീതിയില്‍ പഠനം നടത്തിയ ശേഷം എത്തിച്ചേര്‍ന്നതാണ് രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഈ വാക്‌സിനേഷന്‍ മാര്‍ഗങ്ങള്‍. എന്നാല്‍ തികച്ചും അസത്യവും അശാസ്ത്രീയവുമായ ന്യായങ്ങള്‍ വിളമ്പിയാണ് വാക്‌സിന്‍ വിരുദ്ധര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും ഡോ. എം മനു പറഞ്ഞു. 

 

നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷാ ശശിധരന്‍ ബോധവത്കരണക്‌ളാസ് ഉദ്ഘാടനം ചെയ്തു. വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍,  അങ്കണവാടി  പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ  പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മൂവാറ്റുപുഴ ടൗണ്‍ഹാളില്‍ നടന്ന ബോധവത്കരണക്‌ളാസില്‍ പങ്കെടുത്തു.

date