ഒരു തൈ നടാം - ജനകീയ വൃക്ഷവൽക്കരണം ക്യാമ്പയിൻ: ജില്ലയിൽ നട്ടത് 90471 തൈകൾ
ലോക പരിസ്ഥിതി ദിനത്തിൽ ആരംഭിച്ച ഒരു തൈ നടാം ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ നട്ടത് 90471 തൈകൾ . എം.ജി.എൻ.ആർ.ഇ.ജി.എസ്, സാമൂഹിക വനവൽക്കരണ വകുപ്പ്, സ്വകാര്യ നഴ്സറികൾ, മറ്റ് സ്ഥാപനങ്ങൾ വഴി ജനകീയമായാണ് തൈകൾ ലഭ്യമാക്കിയത്.
ഒരു തൈ നടാം ക്യാമ്പയിനോടനുബന്ധിച്ച് സെപ്തംബർ 30 നകം ജില്ലയിൽ 10 ലക്ഷം വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ ജി പ്രിയങ്ക അധ്യക്ഷതയിൽ വിവിധ മേഖലയിലെ പ്രതിനിധികളുടെ യോഗം കളക്ടറേറ്റ് കോൺഫറൻ്സ് ഹാളിൽ ചേർന്നു.
ക്യാമ്പയിന്റെ ഭാഗമായി ജൂലൈ ആദ്യ വാരം തൈ ശേഖരണ ദിനാചരണവും വിത്തു ശേഖരണ ദിനാചരണവും നടത്തുവാൻ തീരുമാനിച്ചു. വൃക്ഷതൈ നടീൽ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ ഒരു ലക്ഷം കരിമ്പന തൈകൾ നട്ടുപിടിപ്പിക്കുന്ന 'പനപർവ്വം' പരിപാടി വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
വൃക്ഷവൽക്കരണത്തിന്റെ ഭാഗമായി നാല് ലക്ഷം കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾ, മൂന്ന് ലക്ഷം വിദ്യാർഥികൾ, 200 ക്ലബുകൾ, വായനശാലകൾ, സന്നദ്ധ സംഘടനകൾ, വ്യവസായ സംഘടനകൾ, വിവിധ വകുപ്പുകൾ, അക്കാദമിക സ്ഥാപനങ്ങൾ, സന്നദ്ധ പ്രവർത്തകർ, സാമൂഹിക-സാംസ്കാരിക സർവ്വീസ് സംഘടനകൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ ജില്ലയിൽ ക്യാമ്പയിൻ ലക്ഷ്യം കൈവരിക്കും.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി രാമൻകുട്ടി.എം, നവകേരളം കർമ്മപദ്ധതി ജില്ലാ കോ ഓർഡിനേറ്റർ പി.സെയ്തലവി, എം.ജി.എൻ.ആർ.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ ടി എസ് ശുഭാ, അഡീഷണൽ എസ്.പി എസ് ഷംസുദ്ദീൻ, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ എൻ ഉണ്ണികൃഷിണൻ, കല്ലൂർ രതീഷ്.എ.ബി, സംസ്കൃതി രാജേഷ് അടക്കാപുത്തൂർ, ഡോ.കെ.വാസുദേവൻപിള്ള, കഞ്ചിക്കോട് ഇന്റസ്ട്രീസ് ഫോറം പ്രതിനിധി കിരൺകുമാർ.ആർ, അഹല്യ പ്രതിനിധി ഡോ.കെ.ഹരിദാസൻ തുടങ്ങിവർ സംസാരിച്ചു. വിവിധ മേഖലയിലുള്ള 50 ഓളം പേർ യോഗത്തിൽ പങ്കെടുത്തു.യോഗത്തിൽ പങ്കെടുത്ത എല്ലാ പ്രതിനിധികൾക്കും രാജേഷ് സംസ്കൃതിയുടെ നേതൃത്വത്തിൽ ആര്യവേപ്പ് തൈകൾ വിതരണം ചെയ്തു.
- Log in to post comments