അഴീക്കോട് മുനക്കൽ മുസിരീസ് ഡോൾഫിൻ ബീച്ച് റോഡിൽ ആറ് കോടിയുടെ നവീകരണം നടത്തും; ഇ ടി ടൈസൺ എംഎൽഎ
കയ്പമംഗലം മണ്ഡലത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രവും മുസിരീസ് പൈതൃക പദ്ധതിയുടെ ഭാഗവുമായ അഴീക്കോട് മുനക്കൽ മുസിരിസ് ഡോൾഫിൻ ബീച്ചിൽ ആറുകോടിയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് ഇ ടി ടൈസൺ എംഎൽഎ. നിർദിഷ്ട നിർമ്മാണ മേഖലകളിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴീക്കോട് പുത്തംപള്ളി ജംഗ്ഷൻ മുതൽ മുനക്കൽ ബീച്ചിലെ പുലുമുട്ട് വരെയുള്ള റോഡ് വീതി കൂട്ടുവാനും നിലവിലെ മൂന്ന് കൽവർട്ടുകൾ പുന:സ്ഥാപിച്ച് ബി എം ആൻഡ് ബി സി ടാറിംഗ് ചെയ്യാനുമാണ് പിഡബ്ല്യുഡി വകുപ്പിന്റെ ആറ് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്.
നിലവിൽ റോഡിനോട് ചേർന്നുള്ള കടൽ ഭിത്തിക്ക് മുകളിലൂടെ ഫുഡ്പാത്ത് നിർമ്മിച്ച് അലങ്കാരവിളക്കുകൾ സ്ഥാപിച്ച് ഇരിപ്പിടവും പാർക്കിംഗ് സൗകര്യവും ഒരുക്കിക്കൊണ്ടാണ് പുതിയ നവീകരണ പ്രവർത്തനങ്ങൾ നടത്തുക. കൂടാതെ പുഴയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ചീന വലകൾ സംരക്ഷിക്കുന്ന വിധത്തിൽ കോൺക്രീറ്റ് ഭിത്തി നിർമ്മിച്ച് റോഡിന് വീതി കൂട്ടിയശേഷം വലിയ വാഹനങ്ങൾക്ക് സുഗമമായി യാത്ര ചെയ്യാൻ പറ്റുന്ന വിധത്തിൽ നിർമ്മാണം ക്രമീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.
എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി കെ അസിം, സറാബി ഉമ്മർ, ബ്ലോക്ക് മെമ്പർ നൗഷാദ് കറുകപ്പാടത്ത്, വാർഡ് മെമ്പർമാരായ സുമിതാ ഷാജി, നജ്മ അബ്ദുൽ കരീം, മുസിരിസ് പ്രോജക്ട് എം ഡി ഷാരോൺ വി, മുസിരിസ് മ്യൂസിയം മാനേജർ ഡോ. മിഥുൻ സി ശേഖർ, സ്പെഷ്യൽ മേജർ ഇറിഗേഷൻ എഞ്ചിനീയർ കെ എസ് ധന്യ, പിഡബ്ല്യുഡി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എ കെ നവീൻ, കെ എസ് ഇ ബി എഞ്ചിനീയർ മുഹമ്മദ് റാസിക് , അസി. എഞ്ചിനീയർ ടി ജെ നീരജ്, എന്നിവർ സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നു.
- Log in to post comments