തപസ്വനി അമ്മയുടെ ജീവചരിത്രവുമായി പ്രൊഫ എം കെ സാനു
* മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്തു
അബലകൾക്ക് ആശ്രയമായി ജീവിച്ച തപസ്വിനി അമ്മയുടെ ജീവിതത്തെ ആസ്പദമാക്കി പ്രൊഫ എം. കെ സാനു രചിച്ച പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ ഡോ എം. തോമസ് മാത്യുവിന് പുസ്തകം കൈമാറിയാണു മുഖ്യമന്ത്രി പ്രകാശനം നിർവഹിച്ചത്. ഇനിയും കൂടുതൽ എഴുതാനും പുസ്തകങ്ങൾ പൂർത്തിയാക്കാനും എം. കെ സാനുവിന് കഴിയട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
പ്രായത്തിന്റെ അവശതകളും പരാധീനതകളും മറികടന്ന് തന്റെ 98 വയസ്സിലാണ് പ്രൊഫ എം. കെ സാനു നിരാലംബരായ സ്ത്രീകൾക്കായുള്ള തപസ്വിനി അമ്മയുടെ പ്രവർത്തനങ്ങളിൽ സഹകരിക്കാനായതിന്റെ അനുഭവങ്ങൾ ഓർത്തെടുത്തു പുസ്തകം രചിച്ചിരിക്കുന്നത്. "തപസ്വിനി അമ്മ : അബലകൾക്ക് ശരണമായി ജീവിച്ച പുണ്യവതി" എന്ന പുസ്തകം വരും തലമുറയ്ക്കും മഹനീയ വ്യക്തിത്തെക്കുറിച്ച് അറിവ് പകരുന്നതാണ്. പ്രണത ബുക്സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
ആത്മാർപ്പണത്തിന്റെയും ആതുരസേവനത്തിന്റെയും പര്യായമായിരുന്നു തപസ്വിനിയമ്മയുടെ ജീവിതം. തപസ്വനി അമ്മ സ്ഥാപിച്ച അബലാശരണം, എസ് എൻ വി സദനം എന്നിവയുടെ തണലിൽ സമൂഹത്തിൻ്റെ ഉന്നത സ്ഥാനങ്ങളിൽ എത്തിയ സ്ത്രീരത്നങ്ങൾ നിരവധിയാണ്. ഭരണഘടന നിർമ്മാണ സമിതിയിലെ അംഗമായിരുന്ന ദാക്ഷായണി വേലായുധൻ, മന്ത്രിയും രാഷ്ട്രീയ നേതാവുമായിരുന്ന കെ. ആർ. ഗൗരിയമ്മ എന്നിവർ ഉദാഹരണമാണ്.
ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫ. കെ വി തോമസ്, മുൻ എംഎൽഎ എസ്. ശർമ, എസ്. സതീഷ്, ഷാജി ജോർജ് പ്രണത ബുക്സ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments