വായനപക്ഷാചരണം ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു; സമ്മാനദാനം ഇന്ന് (ജൂണ്‍ 27)
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ലൈബ്രറി കൗണ്‍സിലും വായനപക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കുന്നത്തൂര്‍ അംബികോദയം വി.ജി.എസ്.എസ് ഹയര്‍ സെകന്‍ഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനി എ.എല്‍. കീര്‍ത്തന ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇളമ്പള്ളൂര്‍ എസ്.എന്‍.എം.എച്ച്.എസ്.എസിലെ 10-ാം ക്ലാസ് വിദ്യാര്‍ഥി അദിനാന് ഹസ്സന്, ട്രിനിറ്റി ലൈസിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അഭിഷിക്ത എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. 'വായിച്ച പുസ്തകത്തിലെ ഇഷ്ടകഥാപാത്രത്തെ' കുറിച്ചായിരുന്നു ഉപന്യാസം. വിരമിച്ച കോളജ് അധ്യാപകന് ഡോ. എം.എസ്. നൗഫലാണ് വിധിനിര്‍ണയം നടത്തിയത്.
വിജയികള്‍ക്ക് ജൂണ്‍ 27ന് രാവിലെ 11ന് തേവള്ളി ബി.എഡ് സെന്ററില്‍ നടക്കുന്ന 'എഴുത്തുവഴി' പരിപാടിയില്‍ ദേശീയ പുരസ്കാരജേതാവായ തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ ഉദ്ഘാടനത്തോടൊപ്പം സമ്മാനവിതരണവും നടത്തും. ബി.എഡ് സെന്റര്‍ പ്രിന്‍സിപല്‍ ഡോ. ലതാദേവി അമ്മ ജെ. അധ്യക്ഷയാകും. ജില്ല ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളായ ഡി. സുകേശന്, കെ.ബി. മുരളീകൃഷ്ണന്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. ഐ. ലാല്‍, എസ്.എസ്.കെ ജില്ല കോ-ഓഡിനേറ്റര്‍ ജി. കെ. ഹരികുമാര്‍, സാക്ഷരത മിഷന് ജില്ല കോ-ഓഡിനേറ്റര്‍ ടോജോ ജേക്കബ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ. എസ്. ശൈലേന്ദ്രന്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments