അന്താരാഷ്ട്ര എം.എസ്.എം.ഇ. ദിനാചരണ സമാപനം നാളെ (ജൂൺ 27) മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും_
അന്താരാഷ്ട്ര എം എസ് എം ഇ ദിനാചരണത്തിന്റെ സംസ്ഥാന തല സമാപന സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം റസിഡൻസി ടവറിൽ നടക്കുന്ന ചടങ്ങിൽ ആന്റണി രാജു എം എൽ എ അധ്യക്ഷത വഹിക്കും. വ്യവസായ വാണിജ്യ ഡയറക്ടർ പി വിഷ്ണുരാജ് സ്വാഗതമാശംസിക്കും. പി ഗോപിനാഥൻ, കെ ഭവദാസൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. 'വ്യവസായ ജാലകം 2025' എന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനവും നടക്കും. ചടങ്ങിൽ ലോക ബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന, മൂല്യാധിഷ്ഠിത ഭക്ഷ്യ സംസ്കരണ മേഖലയിലുള്ള ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിയുടെ ധാരണാപത്രം വ്യവസായ വാണിജ്യ ഡയറക്ടറേറ്റും 'കേര' പദ്ധതിയും തമ്മിൽ ഒപ്പുവയ്ക്കും.
ഒരു സംസ്ഥാനമെന്ന നിലയിൽ രൂപീകരിക്കപ്പെട്ടതിന് ശേഷം വ്യാവസായിക ഭൂപടത്തിൽ കൈവരിച്ച ചരിത്രപരമായ നേട്ടങ്ങൾ പൊതുസമൂഹത്തെയും വിദ്യാർത്ഥി സമൂഹത്തെയും പരിചയപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര എം.എസ്.എം.ഇ. ദിനം കേരളം സമുചിതമായി ആഘോഷിക്കുന്നത്. വ്യവസായ വാണിജ്യ വകുപ്പിന്റെയും ലോക ബാങ്ക് സഹായത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന 'കേര' പദ്ധതിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ജൂൺ 27-ന് സംസ്ഥാനത്തുടനീളം വിപുലമായ പരിപാടികളോടെ എം.എസ്.എം.ഇ. ദിനാഘോഷം സംഘടിപ്പിക്കുന്നത്.
Awareness Response for Young and Student Entrepreneurs (ARYSE)-Kerala' എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ മുദ്രാവാക്യം. എം.എസ്.എം.ഇ. മേഖലയുടെ പ്രസക്തിയും പ്രാധാന്യവും യുവതലമുറയെയും വിദ്യാർത്ഥികളെയും ബോധ്യപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പരിപാടികളുടെ ഭാഗമായി താലൂക്ക് തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് സംവാദ സെഷനുകളും ബോധവത്കരണ പരിപാടികളും നടക്കും. ജില്ലാതലത്തിൽ ജില്ലാ വ്യവസായ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ സംരംഭക കൂട്ടായ്മയും വിദ്യാർത്ഥികൾക്കായുള്ള പ്രശ്നോത്തരിയും. സംഘടിപ്പിക്കും.
വ്യവസായ വകുപ്പ് കൈവരിച്ച നേട്ടങ്ങൾ, നിലവിൽ നടപ്പിലാക്കി വരുന്ന പദ്ധതികൾ, മൂല്യവർദ്ധിത കാർഷിക/വ്യവസായ ഉത്പാദന ഉദ്യമങ്ങൾ, തോട്ടം വ്യവസായം, പുതിയ വ്യവസായ നയം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിദ്യാർത്ഥികൾക്കായുള്ള പ്രശ്നോത്തരിയുടെ മെഗാ ഫൈനൽ സമാപന ചടങ്ങിലുണ്ടാകും.
കൂടാതെ, 'മൂല്യവർദ്ധിത കാർഷിക/വ്യവസായ ഉത്പാദന ഉദ്യമങ്ങൾ,' 'കാലാവസ്ഥാ വ്യതിയാനവും പ്രതിരോധത്തിൽ ഊന്നിയ കൃഷിയും' എന്നീ വിഷയങ്ങളെ സംബന്ധിച്ചുള്ള സെമിനാറുകൾ, സംരംഭകത്വത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവ ഗവേഷകരെ ആദരിക്കൽ എന്നിവയും നടക്കും.
പി.എൻ.എക്സ് 2928/2025
- Log in to post comments