ലഹരി വിരുദ്ധ ദിനം ആചരിച്ചു ലഹരിക്കെതിരെ സമൂഹം ഒന്നിക്കണം
ലഹരിയില്‍ നിന്ന് യുവതലമുറയെ രക്ഷിക്കാൻ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ഗവ. വിക്ടോറിയ കോളേജിലെ ആന്റി നാർക്കോട്ടിക് സെൽ, എൻ.എസ്.എസ്. യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പാലക്കാട് ഗവ. വിക്ടോറിയ കോളേജ് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. പുകയില ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ദൂഷ്യഫലങ്ങൾ ബോധ്യപ്പെടുത്തുന്നതിന് എല്ലാ തലങ്ങളിൽ നിന്നും കൃത്യമായ ഇടപെടലുകൾ അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.
ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഗീതു മരിയ ജോസഫ് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ, ഗവ. വിക്ടോറിയ കോളേജ് പ്രിൻസിപ്പൽ ഡോ. സിന്ധു എസ്.എൻ. അധ്യക്ഷത വഹിച്ചു. ആന്റി ടുബാക്കോ സെൽ നോഡൽ ഓഫീസർ യേശുദാസൻ സ്വാഗതവും ജില്ലാ എജുക്കേഷൻ ആന്‍ഡ് മീഡിയ ഓഫീസർ സയന എസ്. നന്ദിയും അറിയിച്ചു. ജില്ലാ ഡ്രഗ്സ് ഇൻസ്പെക്ടർ ദിവ്യ ടി., ടെക്നിക്കൽ അസിസ്റ്റന്റ് വിനോദ് കുമാർ, ജില്ലാ യൂത്ത് ഓഫീസർ മേരാ യുവഭാരത് ബിൻസി സി., എൻ.എസ്.എസ്. യൂണിറ്റ് കോർഡിനേറ്റർ തുടങ്ങിയവർ സംസാരിച്ചു.
ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശന മത്സരം, ബോധവൽക്കരണ വീഡിയോ പ്രദർശനം, ലഹരി വിരുദ്ധ പ്രതിജ്ഞ, കോളേജ് വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ സന്ദേശ അവതരണം, വിവിധ കലാപരിപാടികൾ എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടന്നു. ലോക പുകയില വിരുദ്ധ ദിനമായ മെയ് 31 ന് ആരംഭിച്ച "ആരോഗ്യം ആനന്ദം അകറ്റാം അർബുദം" രണ്ടാം ഘട്ട കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ സമാപനവും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ നടന്നു.
- Log in to post comments