പൂച്ചയ്ക്കാര് മണികെട്ടും: ലഹരിക്കെതിരെ നിറം നൽകിയും ക്വിസ് മത്സരത്തിൽ പങ്കാളികളായും വിദ്യാർത്ഥികൾ
സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന കിക്ക് ഡ്രഗ്സ് സെ യെസ് ടു സ്പോർട്സ് ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ സംസ്ഥാനതല സമാപനത്തിന്റെ ഭാഗമായാണ് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി മെഗാ കളറിംഗ് മത്സരം നടന്നത്. 'പൂച്ചയ്ക്കാര് മണികെട്ടും' എന്ന സന്ദേശത്തിൽ നടന്ന കളറിംഗ് മത്സരത്തിൽ തിരൂർ, തിരൂരങ്ങാടി പൊന്നാനി താലൂക്ക് പരിധിയിൽ നിന്നെത്തിയ 2500 ഓളം കുഞ്ഞുങ്ങളാണ് കളറിംഗ് മത്സരത്തിന്റെ ഭാഗമായത്. അമ്മമാരുടെ മടിയിലിരുന്നാണ് മത്സരത്തിന്റെ ഭാഗമായത്. ഉച്ചയ്ക്ക് രണ്ടിന് ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് കുഞ്ഞുങ്ങളുടെ കളറിംഗ് മത്സരം ആരംഭിച്ചത്. ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയുമാണ് കുഞ്ഞുങ്ങൾ കടലാസുകളിൽ നിറങ്ങൾ ചാലിച്ചത്. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും കായിക വകുപ്പ് മന്ത്രി ഒപ്പിട്ട സർട്ടിഫിക്കറ്റും മറ്റ് സമ്മാനങ്ങളും വിതരണം ചെയ്തു. വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000, ആയിരം രൂപ വീതവും തുടർന്നുള്ള 10 പേർക്ക് 500 രൂപ വീതവും ക്യാഷ് പ്രൈസും മോമെന്റോയും സമ്മാനിച്ചു. ഒന്നാം സമ്മാനത്തിന് ഐറിൻ ഫാത്തിമ, രണ്ടാം സമ്മാനത്തിന് മുഹമ്മദ് ഫാദിൽ, മൂന്നാം സമ്മാനത്തിന് മുഹമ്മദ് ഷവാസ് എന്നിവർ അർഹരായി. അതേസമയം തിരൂർ എസ്എസ്എം പോളിടെക്നിക്കിൽ വച്ചാണ് തിരൂർ, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചത്. ലഹരിയുമായി ബന്ധപ്പെട്ട ക്വിസ് മത്സരമാണ് നടന്നത്. ടീമുകളായി നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീമിന് പതിനായിരം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 5000 രൂപയും മൂന്നാം സ്ഥാനം നേടിയ ടീമിന് 3000 രൂപയും സമ്മാനിച്ചു.
- Log in to post comments