എളവള്ളിയില്‍ കാര്ഷികസഭക്കും ഞാറ്റുവേല ചന്തക്കും തുടക്കമായി
എളവള്ളി ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക സഭക്കും ഞാറ്റുവേല ചന്തക്കും തുടക്കമായി. കാര്‍ഷിക സഭയുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം എം.എല്‍.എ മുരളി പെരുനെല്ലി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് അധ്യക്ഷനായി. എളവള്ളി ഗ്രാമപഞ്ചായത്തും കൃഷിഭവനും ചിറ്റാട്ടുക്കര എളവള്ളി സര്‍വീസ് സഹകരണ ബാങ്കുകളും, ജലനിധി, പാടശേഖര സമിതികളും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മാറുന്ന കാലത്തെ സാങ്കേതികവിദ്യക്കും കാലാവസ്ഥക്കും അനുയോജ്യമായ പുതിയ കൃഷി അറിവുകള്‍ പരിചയപെടുത്തുകയും പുതിയ തലമുറയെ കൃഷിയിലേക്ക് കൊണ്ടുവരുകയുമാണ് ഞാറ്റുവേല ചന്തയിലൂടെ. ഞാറ്റുവേല ചന്തയുടെ ഭാഗമായി നടത്തിയ മണ്ണ് പരിശോധനയുടെ ഫലങ്ങള്‍ ചടങ്ങില്‍ കൈമാറി. ഹരിത കേരള മിഷന്റെ 'ഒരു തൈനടാം' പദ്ധതിയില്‍ ഫല വൃക്ഷതൈ വിതരണം എം.എല്‍.എ മുതിര്‍ന്ന കര്ഷകന് മാധവന് അരീക്കരക്ക് നല്കി ഉദ്ഘാടനവും നിര്‍വഹിച്ചു.
സെമിനാറുകള്‍, കൃഷി അനുഭവ പരിപാടികള്‍, കാര്‍ഷിക ഉപകരണ പ്രദര്‍ശനം, നടീല്‍ വസ്തുക്കള്‍, ജൈവ-രാസ വളങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍, പച്ചക്കറി വിത്തുകള്‍, തൈകള്‍, അലങ്കാര ചെടികള്‍ തുടങ്ങിവയുടെ സ്റ്റാളുകള്‍, കുടുംബശ്രീ ഫുഡ്കോര്‍ട്ട് തുടങ്ങിയവ കാര്‍ഷിക ചന്തയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഇന്നും നാളെയുമായി (ജൂണ്‍ 27, 28) നടക്കുന്ന ഞാറ്റുവേല ചന്തയുടെ ഭാഗമായി കൃഷിയില്‍ മണ്ണ് പരിശോധനയുടെ പ്രാധാന്യം, സുരക്ഷിത പച്ചക്കറി കൃഷി, നാളികേര വികസന ബോര്‍ഡ് പദ്ധതികളും സുരക്ഷിത തെങ്ങ് കൃഷിയും, നെല്‍ കൃഷിയിലെ ജൈവ ജീവാണു കീടരോഗ നിയന്ത്രണ മാര്‍ഗങ്ങള്‍, പെണ്ണാരോഗ്യം ആയുര്‍വേദത്തില്‍, പശു പരിപാലനം ഹോമിയോപ്പതിയില്‍ തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകളും കാര്‍ഷിക നഴ്സറി, കാര്‍ഷക കൂട്ടായ്മ, കൃഷിപ്പാഠം കാര്‍ഷിക ക്വിസും കലാപരിപാടികളും നടക്കും.
ഉത്സവ അന്തരീക്ഷരത്തില്‍ പഞ്ചായത്ത് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കൃഷി ഓഫീസര്‍ സി.ആര് രാഗേഷ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനവര്‍ ആഷിക് വലിയകത്ത് നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ കെ.ഡി വിഷ്ണു, എന്‍.ബി ജയ, ടി.സി മോഹനന്, ചിറ്റാട്ടുകര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അബ്ദുള്‍ ഹക്കീം, എളവള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി രാജു, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ഷീല മുരളി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി തോമസ് അലിയാസ് രാജന് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments