നല്ല നാളെക്കായി ലഹരിക്കെതിരെ പോരാടാം; അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബോവിക്കാനം എല്‍.ബി.എസ് എന്‍ജിനീയറിംഗ് കോളേജില്‍ നടന്നു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. എല്‍.ബി.എസ് കോളേജ് ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പാള്‍ ഡോ. മുഹമ്മദ് ഷെക്കൂര്‍ അധ്യക്ഷത വഹിച്ചു.
പരിപാടിയുടെ ഭാഗമായി ലഹരിയുടെ ദുരുപയോഗം എന്ന വിഷയത്തെകുറിച്ച് ജില്ലാ ആശുപത്രി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആല്‍ബിന്‍ എല്‍ദോസ് സെമിനാര്‍ കൈകാര്യം ചെയ്തു. വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ജില്ലാ സര്‍വ്വേലന്‍സ് ഓഫിസര്‍ ഡോ. സന്തോഷ് ബി മുഖ്യപ്രഭാഷണം നടത്തി. മുളിയാര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ പി.എ നബീസ , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മിനി സൂരജ് എന്നിവര്‍ സംസാരിച്ചു. ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും മുളിയാര്‍ സി എച്ച് സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്‍ .എ ഷാജു നന്ദിയും പറഞ്ഞു.
മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി 1987 ഡിസംബര്‍ മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 26 നു ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ലോക ലഹരിവിരുദ്ധ ദിനമായി ആചരിച്ചു വരുന്നു. ലഹരിക്കെതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.' സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'നോ ടു ഡ്രഗ്‌സ്' ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ തലത്തിലും ഓരോ ആരോഗ്യ കേന്ദ്രങ്ങള്‍ മുഖേനയും ഉര്‍ജ്ജിതപെടുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.വി രാംദാസ് അറിയിച്ചു.
- Log in to post comments