Skip to main content

നേര്‍വഴി കാട്ടി വിമുക്തി

മദ്യം, മയക്കുമരുന്ന്, ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയവ ഒരു വിപത്തായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍, ഇതിന്റെ ഗൗരവം സംബന്ധിച്ച് ജനങ്ങളില്‍, പ്രത്യേകിച്ച് യുവാക്കളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി കേരള സര്‍ക്കാര്‍ ആരംഭിച്ച ഒരു ലഹരി വിരുദ്ധ പ്രചാരണമാണ് വിമുക്തി. മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ട് വരിക, നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും വിമുക്തി മിഷനിലൂടെ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയില്‍ വിദ്യാര്‍ത്ഥി സമൂഹത്തെയും യുവാക്കളെയും കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകള്‍, കൗണ്‍സിലിംഗുകള്‍, കായിക-സാംസ്‌കാരിക പരിപാടികള്‍, ഡി-അഡിക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം എന്നിവ സജീവമായി നടന്നു വരികയാണ്.
 
വിമുക്തിയുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ നടന്നുവരുന്ന  പ്രധാന പരിപാടിയാണ് നേര്‍വഴി. കുട്ടികളില്‍ കണ്ടുവരുന്ന ലഹരി, മയക്കു മരുന്ന് ആസക്തിയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ശ്രദ്ധയില്‍ പ്പെട്ടാല്‍ നേര്‍വഴിയില്‍  9656178000 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് അവര്‍ക്ക് ആവശ്യമായ കൗണ്‍സിലും അനുബന്ധ സഹായങ്ങളും നല്‍കും.ജില്ലയിലെ രണ്ടു പേരെയാണ് ഇതിനായി നിയമിച്ചിട്ടുള്ളത്. ഇരുവരും  നിമ്ഹാന്‍സില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവരാണ്.

ഇതിനോടകം ജില്ലയിലെ നൂറില്‍പരം കുട്ടികള്‍ നേര്‍വഴിയിലൂടെ കൗണ്‍സിലിംഗ് നേടി. കൂടാതെ കുട്ടികളിലെ സര്‍ഗ്ഗവാസന വളര്‍ത്തുന്നതിനായി എല്‍.പി, യു.പി വിദ്യാര്‍ഥികള്‍ക്ക് ''ബാല്യം അമൂല്യം''പദ്ധതിയും പ്രവര്‍ത്തിക്കുന്നു നിലവില്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പേരോല്‍, ഗവണ്‍മെന്റ് യുപി സ്‌കൂള്‍ പിലിക്കോട് എന്നിവിടങ്ങളില്‍ നടപ്പിലാക്കുന്ന പദ്ധതി ഉടനെ തന്നെ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ജില്ലാ വിമുക്തി മാനേജര്‍ അന്‍വര്‍ സാദത്ത് പറഞ്ഞു. കുട്ടികള്‍ക്ക് ലഹരിയുടെ അപകടങ്ങള്‍ മനസ്സിലാക്കുന്നതിനും അതില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിനുമായി 'തെളിവാനം', 'കവചം' എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. കൂടാതെ, അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും  ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടാന്‍ സഹായിക്കുന്നതിനായി 'കരുതല്‍' എന്ന പേരിലുള്ള ഒരു കൈപ്പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്. ജില്ലയില്‍ വിദ്യാര്‍ത്ഥി സമൂഹത്തെയും യുവാക്കളെയും കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകള്‍, കൗണ്‍സിലിംഗുകള്‍, കായിക-സാംസ്‌കാരിക പരിപാടികള്‍, ഡി-അഡിക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം എന്നിവ സജീവമായി നടന്നു വരികയാണ്.
 

 

date