Skip to main content
ലഹരി വിരുദ്ധ ദിനാചാരണം എസ് എൻ കോളേജ് ഓഡിറ്റോറിയത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ സതീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

ലഹരി വിരുദ്ധ ദിനാചാരണം സംഘടിപ്പിച്ചു

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, എസ് എന്‍ കോളേജ് എന്‍എസ് എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ദിനാചാരണം സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ സ്തീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എസ് എന്‍ എന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ പി പ്രശാന്ത് അധ്യക്ഷത വഹിച്ചു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍ എന്‍.പി പ്രദീപ് മുഖ്യാതിഥിയായി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ പ്രസീത ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ സരിന്‍ ശശി, ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ കെ ജിതേഷ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ എം വി ജിഷ്ണ, സാഹസീക അക്കാദമി സ്‌പെഷ്യല്‍ ഓഫീസര്‍ പി പ്രണിത, കോളേജ് യൂണിയര്‍ ചെയര്‍മാന്‍ പ്രയാഗ് മുരളി എന്നിവര്‍ സംസാരിച്ചു.

എന്താണ് ലഹരി വസ്തുക്കള്‍?
 
ഒരു വ്യക്തിയുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥയെ മാറ്റുന്ന പദാര്‍ത്ഥങ്ങളാണ് ലഹരി വസ്തുക്കള്‍. അവ വ്യക്തിയുടെ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനരീതി, പെരുമാറ്റം, വികാരങ്ങള്‍ എന്നിവയൊക്കെ ബാധിക്കുന്നു.  ലഹരി വസ്തുവിനോടുള്ള ആസക്തി വിട്ടുമാറാത്ത ഒരു മസ്തിഷ്‌ക രോഗമാണ്. ഇത് ഒരു വ്യക്തിയെ ലഹരിവസ്തുക്കള്‍ ആവര്‍ത്തിച്ചു ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നു.
 
പഠനത്തില്‍ താല്‍പര്യം കുറയുക, പ്രായത്തില്‍ കവിഞ്ഞ സുഹൃത്ത് ബന്ധങ്ങള്‍, മാനസിക വിഭ്രാന്തി കാണിക്കുകയോ നിഷേധാത്മക പെരുമാറ്റം   കാണിക്കുക അല്ലെങ്കില്‍ എപ്പോഴും വിഷമിച്ചിരിക്കുക, ഒറ്റക്കിരിക്കാന്‍ താല്‍പര്യം കാണിക്കുക, ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ബുദ്ധിമുട്ട അനുഭവപ്പെടുക,  അമിതമായ ഉറക്കം, അനാവശ്യ കാര്യങ്ങള്‍ക്ക് വഴക്കുണ്ടാക്കുക,  ദൈനം ദിന കാര്യങ്ങളില്‍ താല്പര്യം കുറയുക, ഉത്തരവാദിത്വം ഇല്ലാത്ത അവസ്ഥ, ആത്മവിശ്വാസക്കുറവ്, മടി, സ്വയം ഉപദ്രവിക്കാന്‍ ശ്രമിക്കുക, അക്രമം, കുറ്റകൃത്യങ്ങള്‍ തുടങ്ങിയവ ലഹരി മരുന്നുപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ലക്ഷണങ്ങളാണ്. മാനസിക പ്രശ്‌നങ്ങള്‍, ഓര്‍മ്മക്കുറവ്, വിളര്‍ച്ച, കാന്‍സര്‍, പക്ഷാഘാതം, വയറിലെ അള്‍സര്‍, കരള്‍ രോഗങ്ങള്‍, ഞരമ്പ് രോഗങ്ങള്‍, അപസ്മാരം, ശ്വാസംമുട്ടല്‍, എച്ച് ഐ വി എന്നിവയെല്ലാം ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്.

ഗവ:മെഡിക്കല്‍ കോളേജ് കണ്ണൂര്‍, വിമുക്തി ഡീ-അഡിക്ഷന്‍ സെന്റര്‍ താലൂക്ക് ഹോസ്പിറ്റല്‍ പയ്യന്നൂര്‍,  ജില്ലാ ആശുപത്രി കണ്ണൂര്‍, താലൂക്ക് ഹോസ്പിറ്റല്‍ തളിപ്പറമ്പ്, ജനറല്‍ ഹോസ്പിറ്റല്‍ തലശ്ശേരി എന്നിവയാണ് മാനസിക ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്ന കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍.

date