പറന്ന് ഉയരാം; ഗള്‍ഫ് തൊഴില്‍മേളയുമായി വിജ്ഞാനകേരളം
കേരളത്തിന്റെ തൊഴില്‍ നൈപുണ്യത്തിനും തൊഴില്‍ ശേഷിക്കും ലോകരാജ്യങ്ങളില്‍ മാതൃകാപരമായ സ്ഥാനമാണുള്ളത്. ഈ അംഗീകാരത്തിന്റെ കാര്യക്ഷമതയും ഗുണമേന്മയും ഉയര്‍ത്തി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയാണ് വിജ്ഞാന കേരളം പദ്ധതിയിലൂടെ. രാജ്യത്തിനകത്തും സംസ്ഥാനത്തും പ്രാദേശികമായും തൊഴില്‍മേളകള്‍ സംഘടിപ്പിച്ച് തൊഴില്‍ ഉറപ്പാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നൈപുണ്യ തൊഴില്‍ദായക പദ്ധതിയായ വിജ്ഞാന കേരളം വിദേശ തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ഒരുക്കുകയാണ് ഗള്‍ഫ് തൊഴില്‍ മേളയിലൂടെ.
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ലോക കേരള സഭ, നോര്‍ക്ക, കെ-ഡിസ്ക് തുടങ്ങിയ ഏജന്‍സികളുടെ സഹകരണത്തോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ആകര്‍ഷകമായ തൊഴിലവസരങ്ങളാണ് ഒരുക്കുന്നത്. 111 വ്യത്യസ്ത തൊഴിലുകളിലായി 5000 തൊഴിലവസരങ്ങള്‍ ഗള്‍ഫ് തൊഴില്‍ മേളയ്ക്കായി വിജ്ഞാന കേരളം ഇതുവരെ കണ്ടെത്തിക്കഴിഞ്ഞു. ഗള്‍ഫ് തൊഴില്‍മേള ആദ്യഘട്ടത്തില്‍ തൃശ്ശൂരിലും തുടര്‍ന്ന് എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കും. പ്ലംബര്‍, ഇലക്ട്രീഷ്യന്, വെല്‍ഡര്‍, ഫിറ്റര്‍, കാര്‍പെന്റര്‍, ഡ്രൈവര്‍, സ്റ്റീല്‍ ഫിക്സര്‍, ഫോര്മാന്, കണ്‍സള്‍ട്ടന്റ്, എഞ്ചിനീയര്‍, ഡോക്ടര്‍, സെയില്‍സ്, ഓഫീസ് സ്റ്റാഫ് തുടങ്ങി വിവിധതരം ജോലികളിലായി എസ് എസ് എല്‍ സി യോഗ്യത മുതല്‍ ഉള്ളവര്‍ക്ക് മേളയില്‍ അവസരം ലഭിക്കും. ജൂലൈ 12, 13 തീയതികളിലായി തൃശ്ശൂര്‍ ദേവമാതാ സ്കൂളിലാണ് ഗള്‍ഫ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്.
മേളയില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യുന്ന മുഴുവന്‍ പേര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഒരുക്കിയിട്ടുള്ള ജോബ് സ്റ്റേഷനുകളില്‍ ആവശ്യമായ പരിശീലനങ്ങള്‍ നല്‍കും. ജോബ് ഓഫര്‍ ചെയ്യുന്ന കമ്പനികളുമായി വിജ്ഞാന കേരളം പ്രതിനിധികള്‍ ചര്‍ച്ച നടത്തി ആവശ്യമായ നൈപുണ്യ പരിശീലനവും അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് ആവശ്യമായ ഭാഷാപരിശീലനം, വ്യക്തിത്വ വികസന പരിശീലനം എന്നിവയും നല്‍കും. പരിശീലന പരിപാടികള്‍ക്ക് ആവശ്യമായ മുന്നൊരുക്കങ്ങള്‍ കിലയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിവരുന്നു. അഭിമുഖത്തിന് മുന്നോടിയായി ആവശ്യമായ പരിശീലന ക്ലാസുകളും മോക്ക് ഇന്റര്‍വ്യൂകളും വിജ്ഞാന കേരളം സംഘടിപ്പിക്കും.
- Log in to post comments