Skip to main content

വലപ്പാട് ഞാറ്റുവേല ചന്ത - കർഷക സഭ 2025 ന് തുടക്കമായി* ഇന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ്

 

വലപ്പാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്ത-കർഷക സഭ 2025ന് വലപ്പാട് ചന്തപ്പടിയിൽ തുടക്കമായി. ഞാറ്റുവേല ചന്തയുടേയും കർഷക സഭയുടേയും ആയുർവേദ ക്യാമ്പിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക് നിർവ്വഹിച്ചു.

 

 ഞാറ്റുവേല ചന്തയുടെ ഭാഗമായി കൃഷിഭവന്റെ സേവനങ്ങളെ കുറിച്ചും കർഷകർക്കായുള്ള വിവിധ പദ്ധതികളെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി കർഷക സഭയും ജൈവ കർഷകരുടെ അനുഭവം പങ്കുവച്ചുകൊണ്ടുള്ള ജൈവകർഷക സംഗമവും നടന്നു.

 

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഞാറ്റുവേല ചന്തയിൽ കേരള കാർഷിക സർവ്വകലാശാലയുടെ സഞ്ചരിക്കുന്ന കാർഷിക വിജ്ഞാന പ്രദർശന വണ്ടിയും പൊതുജനങ്ങൾക്കായി സൗജന്യ പച്ചക്കറി വിത്ത് വിതരണവും ഉണ്ടായിരിക്കും. കൂടാതെ കാർഷിക ക്ലിനിക്ക്, സെമിനാറുകൾ, ക്ഷീര കർഷക സംഗമം, കാർഷിക കാർഷികേതര സ്റ്റാളുകൾ, കുടുംബശ്രീ സ്റ്റാളുകൾ, കലാപരിപാടികൾ തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികൾ നടക്കും.

 

ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡന്റ് വി.ആർ ജിത്ത് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം മല്ലിക ദേവൻ, വലപ്പാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.എ തപതി, ജ്യോതി രവീന്ദ്രൻ, സുധീർ പട്ടാലി, വാർഡ് മെമ്പർമാരായ കെ.എ വിജയൻ, രശ്മി ഷിജോ, സിജി സുരേഷ്, ഇ.പി അജയഘോഷ്, ബി.കെ മണിലാൽ, അനിതാഭായ് തൃദീപ്കുമാർ, വി അജ്മൽ ഷരീഫ്, മണി ഉണ്ണികൃഷ്ണൻ, അശ്വതി മേനോൻ, കെ.കെ പ്രഹർഷൻ, എം.എ ഷിഹാബ്, കുടുംബശ്രീ ചെയർപേഴ്സൺ സുനിത ബാബു, കൃഷി ഓഫീസർ രശ്മി മോഹൻ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഞാറ്റുവേല ചന്ത നാളെ അവസാനിക്കും.

 

*ഞാറ്റുവേല ചന്തയിൽ ഇന്ന്( *(29-06--2025)*

 

രാവിലെ പത്ത് മണി മുതൽ ഉച്ചക്ക് ഒരു മണി വരെ - സൗജന്യ മെഡിക്കൽ ക്യാമ്പ് 

 

രാവിലെ പത്ത് മണി - കാർഷിക പമ്പുകളുടെ സൗരോർജ്ജവത്ക്കരണ ക്യാമ്പയിൻ

 

ഉച്ചക്ക് രണ്ട് മണി - പച്ചക്കറി കൃഷിക്ക് ജൈവ വളപ്രയോഗം എന്ന വിഷയത്തിൽ സെമിനാർ

 

വൈകീട്ട് ആറ് മണി - കലാപരിപാടികൾ

date