ലഹരി വിരുദ്ധ ബോധവൽക്കരണവുമായി വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചണത്തോടനുബന്ധിച്ച് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എടവനക്കാട് ഗ്രാമ പഞ്ചായത്തിലെ 58-ആം നമ്പർ അങ്കണവാടിയിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ നടക്കുന്ന സമഗ്ര ലഹരി വിരുദ്ധ പരിപാടിയായ" ലഹരി വിമുക്ത വൈപ്പിൻ" പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ബോധവൽക്കരണ ക്ലാസ് നടന്നത്. കൗമാരക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച ക്ലാസിന് ചൈൽഡ് ഹെൽപ്പ് ലൈൻ എറണാകുളം ജില്ല കോ ഓഡിനേറ്റർ ശ്യാം ശശി നേതൃത്വം നൽകി.
സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരി എന്ന വിപത്തിനെ കുറിച്ചും അതിൻ്റെ ഉപയോഗമൂലം കുട്ടികൾക്കും സമൂഹത്തിനാകെയും സംഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് അദ്ദേഹം വ്യക്തമാക്കി. കുട്ടികളെ ലഹരിയിൽ നിന്ന് അകറ്റി നിർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അദ്ദേഹം പങ്കു വെച്ചു.
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എ സാജിത്ത് അധ്യക്ഷത വഹിച്ചു. സൈക്കോ സോഷ്യൽ കൗൺസിലർ കെ.ബി ഗീതു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഇ.കെ ജയൻ, വാർഡ് അംഗം ബിന്ദു ബെന്നി, വൈപ്പിൻ ചൈൽഡ് ഡെവലപ്മെൻ്റ് പ്രൊജക്ട് ഓഫീസർ എ. രോഷ്നി, എടവനക്കാട് സി.ഡി.എസ് അധ്യക്ഷ ഗിരിജ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments