Skip to main content

സ്കൈ പദ്ധതിയുടെ ഭാഗമായി മെഗാ തൊഴിൽമേള സംഘടിപ്പിക്കും -മന്ത്രി പി രാജീവ്

 

 

* കരുമാല്ലൂർ, കുന്നുകര, ആലങ്ങാട്, പഞ്ചായത്തുകളിലെ വിവിധമേഖലയിലുള്ള വ്യക്തികളുമായി സംവദിച്ച് മന്ത്രി

 

  സ്കൈ പദ്ധതിയുടെ ഭാഗമായി എല്ലാവർക്കും തൊഴിലുറപ്പാക്കുക എന്ന ലക്ഷ്യവുമായി ആഗസ്റ്റ് മാസത്തിൽ മെഗാ തൊഴിൽമേള സംഘടിപ്പിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. പബ്ലിക് സ്ക്വയർ മുഖാമുഖം പരിപാടിയുടെ ഭാഗമായി കരുമാല്ലൂർ , കുന്നുകര, ആലങ്ങാട് പഞ്ചായത്തുകളിലെ വിവിധ മേഖലയിലുള്ള വ്യക്തികളുമായി സംവദിക്കുകയായിരുന്നു മന്ത്രി. തൊഴിൽമേള വഴി ആയിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും.

 

മണ്ഡലത്തിലെ വിവിധ പ്രശ്നങ്ങൾ മുഖാമുഖം പരിപാടിയിൽ ചർച്ചയായി. വിവിധ വ്യക്തികൾ ഉന്നയിച്ച ആവശ്യങ്ങൾക്കും നിർദ്ദേശങ്ങൾക്കും മന്ത്രി മറുപടി പറഞ്ഞു. 

 

വിവിധ സ്ഥലങ്ങളിൽ പൊട്ടിക്കിടക്കുന്ന പൈപ്പുകൾ എത്രയും വേഗം ശരിയാക്കാനുള്ള നടപടികൾ വേഗം പൂർത്തീകരിക്കും. കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ ഭാഗമായി ഫാമിൽ നിന്ന് നേരിട്ട് പച്ചക്കറി വീട്ടിലേക്ക് എത്തികുന്നതിന് എ സി വാഹനം ലഭ്യമാകുന്നതിനുള്ള അനുമതി ആയിട്ടുണ്ട് .ഇടപ്പള്ളി സഹകരണ ബാങ്ക് പദ്ധതി ഏകോപിപ്പിക്കും. കർഷകരുടെ ഉത്പന്നങ്ങൾ സംഭരിക്കുന്നതിന്റെ ഭാഗമായി ശീതീകരണ സംവിധാനം നടപ്പാകുന്നതിന് ഷിപ് യാർഡിൽ നിന്നും 2 കോടി രൂപയുടെ അനുമതി ലഭിച്ചുവെന്ന് മന്ത്രി പറഞ്ഞു . 

 

കുന്നുകരയിൽ 30 ഏക്കറിൽ കിൻഫ്ര ഫുഡ് പ്രോസസ്സിങ് പാർക്ക് നിർമിക്കുന്നതിന് ഭരണാനുമതി ലഭിച്ചു. ഫുഡ് പ്രോസസ്സിംഗ് പാർക്ക് വരുന്നതോടെ കർഷകരുടെ 1ഉത്പന്നങ്ങൾക്ക് നല്ല വില ലഭിക്കും. കളമശ്ശേരി എച്ച് എം ടി യിൽ ലുലു ഗ്രൂപ്പിന്റെ 500 കോടി മുതൽ മുടക്കുള്ള ഫുഡ് പ്രോസസ്സിംഗ് പാർക്കിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും.

 

ആലുവ- വെളിയത്ത്നാട് റൂട്ടിൽ ബസ് സർവീസ് വർദ്ധിപ്പിക്കും. പുതുതലമുറയിൽ വളർന്ന് വരുന്ന ലഹരിയുടെ ഉപയോഗം തടയാൻ സംസ്ഥാനത്ത് ആദ്യമായി മാരത്തോൺ സംഘടിപ്പിച്ചത് കളമശ്ശേരി മണ്ഡലത്തിലാണ്. ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ 165 ൽ പരം ക്ലബുകളെ ഏകോപിപ്പിച്ച് യോഗം വിളിച്ചിരുന്നു .ജലാശയങ്ങളിലെ എക്കൽ നീക്കുന്നതിലുള്ള പ്രവർത്തനങ്ങളും നടപ്പിലാക്കി വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

കരുമാല്ലൂർ എൻ എസ് എസ് കരയോഗ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കരുമാല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ അധ്യക്ഷത വഹിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ്,ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ യേശുദാസ് പാറപ്പിള്ളി , കെ ബി രവീന്ദ്രൻ ത്രിതല പഞ്ചായത്ത് അംഗങ്ങൾ, സഹകരണ ബാങ്ക് പ്രസിഡന്റുമാർ, മതപണ്ഡിതന്മാർ ,വ്യവസായികൾ,വിവിധ സംഘടന പ്രതിനിധികൾ , എന്നിവർ മുഖാമുഖം പരിപാടിയുടെ ഭാഗമായി.

date