തെങ്ങുംകൊട് എല്‍പി സ്‌കൂളില്‍ വര്‍ണക്കൂടാരം തുറന്നു
#13 പ്രവര്‍ത്തന ഇടങ്ങള്‍ സ്‌കൂളില്‍ സജ്ജം#
വാമനപുരം നിയോജക മണ്ഡലത്തിലെ തെങ്ങുംകൊട് സര്‍ക്കാര്‍ എല്‍.പി.എസ് സ്‌കൂളിലെ സ്റ്റാര്‍സ് പദ്ധതി പ്രകാരം നിര്‍മിച്ച മാതൃകാ പ്രീ -പ്രൈമറി വിഭാഗം വര്‍ണക്കൂടാരത്തിന്റെ ഉദ്ഘാടനം ഡി.കെ മുരളി എം.എല്‍.എ നിര്‍വഹിച്ചു.
മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളുടെയും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി വികസനം സാധ്യമാക്കിയിട്ടുണ്ടെന്ന് എംഎല്‍എ വ്യക്തമാക്കി. സാധാരണക്കാരന്റെ മക്കള്‍ക്ക് മികച്ച സൗകര്യങ്ങളോടെയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രീ പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വര്‍ണക്കൂടാരം നടപ്പിലാക്കി വരുന്നത്. 10 ലക്ഷം രൂപയാണ് പദ്ധതി ചെലവ്.
കുഞ്ഞുങ്ങളുടെ ഭാഷാശേഷി വളര്‍ത്താന്‍ ഭാഷാവികാസ ഇടം, ലഘു ശാസ്ത്രപരീക്ഷണങ്ങള്‍ക്കും നിരീക്ഷണത്തിനും അവസരം നല്‍കുന്ന ശാസ്ത്രയിടം, കളികളിലൂടെ കണക്കിന്റെ ആദ്യപാഠങ്ങള്‍ പഠിക്കാവുന്ന ഗണിതയിടം തുടങ്ങി കുട്ടികളുടെ സര്‍വതോന്മുഖ വികാസത്തിന് സഹായിക്കുന്ന 13 പ്രവര്‍ത്തന ഇടങ്ങള്‍ (ആക്ടിവിറ്റി ഏരിയകള്‍ ) ആണ് സ്‌കൂളില്‍ സജ്ജമാക്കിയിട്ടുള്ളത്. പഠനാനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയാറാക്കിയ ഗാനങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമാളം പ്രകാശനം ചെയ്തു.
കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ജെ. ലിസി ആധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മിസ്‌ട്രസ് കെ.എസ്. ഷീജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമാളം, ബിന്‍ഷ ബി ഷറഫ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments